തിരുവനന്തപുരം: പൊലീസ് ബറ്റാലിയനുകളെ പ്രഫഷണൽ സേവനങ്ങളുടെ പ്രത്യേക കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള പൊലീസ് പുതിയ ‘സെന്റർ ഓഫ് എക്സലൻസ്’ (CoE) പദ്ധതിക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരം സായുധ പൊലീസ് ബറ്റാലിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേരള പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ ഐപിഎസ് പദ്ധതി ഉദ്ഘാടനം ചെയ്തു.
പൊലീസ് സേനയുടെ കഴിവുകളും സേവന നിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ബറ്റാലിയനുകളെ പ്രത്യേക വൈദഗ്ധ്യ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ചടങ്ങിൽ എപി ബറ്റാലിയൻ എഡിജിപി ദിനേന്ദ്ര കശ്യപ് ഐപിഎസ്, എപി ബറ്റാലിയൻ ഐജി എസ്. സതീഷ് ബിനോ ഐപിഎസ്, എപി ബറ്റാലിയൻ ഡിഐജി ഹരിശങ്കർ ഐപിഎസ് എന്നിവരും പങ്കെടുത്തു. പുതിയ പദ്ധതി കേരള പൊലീസിന്റെ പ്രവർത്തന മികവ് കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.






