കോഴിക്കോട്: കൊയിലാണ്ടി നന്തിയിൽ പട്രോളിങ്ങിനിടെ ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചു തകർക്കാൻ ശ്രമിച്ച ഡീസൽ കടത്തു ലോറി പിടിയിൽ. ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ഒരാളും ഓടി രക്ഷപ്പെട്ടു. മാഹിയിൽ നിന്നു നികുതി വെട്ടിച്ച് ഡീസൽ കടത്തുകയായിരുന്ന മിനി ലോറിയാണ് ജിഎസ്ടി എൻഫോഴ്സ്മെന്റ് വിഭാഗം പിന്തുടർന്നു പിടികൂടിയത്. അമിത വേഗത്തിൽ പാഞ്ഞ ലോറി ഒരു വീടിന്റെ മതിൽ ഇടിച്ചു തകർത്താണ് നിന്നത്.
ഇന്ന് പുലർച്ചെ നാലിന് ദേശീയ പാതയിൽ നന്തിക്കു സമീപം വാഹന പരിശോധന നടത്തുകയായിരുന്ന ജിഎസ്ടി ഉദ്യോഗസ്ഥർ മിനി ലോറിക്കു കൈകാണിച്ചെങ്കിലും നിർത്തിയില്ല. ജിഎസ്ടി വാഹനം കണ്ടതോടെ അത് ഇടിച്ചു തകർക്കാൻ ശ്രമിച്ച ശേഷം ലോറി അതിവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. മാഹിയിൽ കേരളത്തിലേതിനേക്കാൾ വില കുറവാണ് ഡീസലിന്.




