തിരുവനന്തപുരം: നടൻ രവീന്ദ്രൻ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി ഔദ്യോഗികമായി ചുമതലയേറ്റു. സർക്കാർ നിയമനം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് രവീന്ദ്രൻ ചുമതലയേറ്റെടുത്തത്.
പത്ത് വർഷം മുൻപും താൻ ചലച്ചിത്ര അക്കാദമിയുടെ ഭാഗമായിരുന്നെന്നും അന്നത്തെ സഹപ്രവർത്തകരിൽ പലരും ഇപ്പോഴും അക്കാദമിയിലുണ്ടെന്നും ചുമതലയേറ്റ ശേഷം രവീന്ദ്രൻ പറഞ്ഞു. ഇന്ത്യയിലെ മറ്റ് അന്താരാഷ്ട്ര ചലച്ചിത്ര മേളകൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ കേരളത്തിലെ ചലച്ചിത്ര മേളകൾക്കും ഉറപ്പാക്കണമെന്ന ആവശ്യം ഉന്നയിക്കും. ഇക്കാര്യത്തിൽ എന്തെങ്കിലും വിവേചനമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അക്കാദമിക്ക് മുന്നിൽ നിർദേശങ്ങളോ ഉത്തരവാദിത്തങ്ങളോ വന്നാൽ ഉചിതമായ നടപടികൾ സ്വീകരിക്കും. നിലവിൽ അക്കാദമിയുടെ മുന്നിലുള്ള അജണ്ടകൾക്കാണ് പ്രധാന പരിഗണന നൽകുന്നതെന്നും രവീന്ദ്രൻ പറഞ്ഞു.
ബ്ലെസ്സി, സത്യൻ അന്തിക്കാട്, പ്രേം കുമാർ തുടങ്ങിയവരുടെ പേരുകൾ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ സർക്കാർ രവീന്ദ്രനെ ചുമതലയേൽപ്പിക്കുകയായിരുന്നു.
അടുത്ത ഡിസംബറിൽ നടക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സംഘാടനമാണ് രവീന്ദ്രന് മുന്നിലുള്ള പ്രധാന ദൗത്യം. മേളയ്ക്ക് ഇനി ഏകദേശം രണ്ട് മാസം മാത്രമാണ് ശേഷിക്കുന്നത്. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ്, സംഘാടക സമിതി രൂപീകരണം, അടിയന്തര യോഗങ്ങൾ എന്നിവ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്.
അതേസമയം, തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ഹ്രസ്വചിത്ര-ഡോക്യുമെന്ററി മേളയിൽ പ്രദർശിപ്പിക്കാനുള്ള കേന്ദ്രസർക്കാർ അനുമതി ലഭിക്കാത്ത എട്ട് ചിത്രങ്ങളുടെ കാര്യത്തിലും അക്കാദമി ഇടപെടേണ്ടതുണ്ട്.
ചലച്ചിത്ര അക്കാദമിയുൾപ്പെടെയുള്ള സാംസ്കാരിക സ്ഥാപനങ്ങൾ ‘നാഥനില്ലാ കളരി’യായി മാറിയെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് വിവിധ സ്ഥാപനങ്ങളിലേക്ക് അധ്യക്ഷന്മാരെ സർക്കാർ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി കെ.എസ്.എഫ്.ഡി.സി ചെയർമാനായി നടൻ പ്രേം കുമാറിനെയും വൈസ് ചെയർമാനായി അലൻസിയറെയും നിയമിച്ചിട്ടുണ്ട്.














