ന്യൂഡൽഹി: അവിവാഹിതരായ പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം കണക്കിലെടുത്ത് ഒരാളുടെ സ്വഭാവത്തെ മോശമായി ചിത്രീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ മനോമോഹൻ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. പ്രണയബന്ധം തകർന്നതിനെ തുടർന്നുണ്ടായ കേസിൽ കുറ്റാരോപിതനായ ഒരാളുടെ പൊലീസ് കോൺസ്റ്റബിൾ നിയമനം റദ്ദാക്കിയതിനെതിരെ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിനെ തുടർന്നാണ് യുവാവിന്റെ നിയമനം റദ്ദാക്കിയത്.
പരസ്പര സമ്മതത്തോടെയുള്ള അവിവാഹിതരായ രണ്ട് പേർക്കിടയിലെ ശാരീരിക ബന്ധം നിയമവിരുദ്ധമാക്കുന്ന നിയമം നിലവിലില്ലെന്നും ബെഞ്ച് വ്യക്തമാക്കി. 2014-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നിരീക്ഷണം. ഹർജിക്കാരനും പരാതിക്കാരിയും അയൽവാസികളാണ്. നാല് വർഷത്തോളം ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹം കഴിക്കാൻ സാധിച്ചില്ല. വിവാഹം കഴിക്കാനായില്ലെങ്കിൽ അത് വഞ്ചനയായി കണക്കാക്കാനാകില്ലെന്ന് കോടതി പറഞ്ഞു.






