ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ വർധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയുടെ ഊർജ സുരക്ഷയും ഇന്ധന ലഭ്യതയും പൂർണമായും സുരക്ഷിതമാണെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. ഇന്ധനക്ഷാമത്തെക്കുറിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർധിപ്പിച്ചതായും, ആഗോള വിപണിയിലെ വെല്ലുവിളികൾ മറികടക്കാൻ ഇന്ത്യ നിലവിൽ 41 രാജ്യങ്ങളിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആഗോളതലത്തിൽ ഇന്ധനവില ഉയർന്ന സാഹചര്യത്തിലും രാജ്യത്ത് ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ ഇന്ധനം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. 2022 ഫെബ്രുവരിക്ക് ശേഷം രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എൽപിജിയുടെ 60 ശതമാനവും ക്രൂഡ് ഓയിലിന്റെ 90 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. എങ്കിലും ഏത് തരത്തിലുള്ള ബാഹ്യ പ്രതിസന്ധികളെയും നേരിടാൻ രാജ്യം തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ ഏകദേശം 33 കോടി കുടുംബങ്ങൾക്ക് ആവശ്യമായ ഇന്ധന ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ഹർദീപ് സിങ് പുരി കൂട്ടിച്ചേർത്തു.






