തിരുവനന്തപുരം: ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ ടി.ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി. സൈബർ സെൽ ഐജി പി. പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രിയുടെ നടപടി. വിവാദ പരാമർശവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ സൈബർ സെല്ലിന് നിർദേശം നൽകിയിട്ടുണ്ട്.
ഡൽഹിയിൽ സമരം നടത്തുന്ന വിദ്യാർഥികളെ വെടിവെച്ച് കൊല്ലുമെന്ന തരത്തിൽ ടി.ജി. മോഹൻദാസ് നടത്തിയ പരാമർശമാണ് വിവാദമായത്. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന പെൺകുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും അദ്ദേഹം നടത്തിയതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ ടി.ജി. മോഹൻദാസിനെതിരെ യൂത്ത് കോൺഗ്രസും എസ്എഫ്‌ഐയും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും വനിതാ സാഹിതിക്കും പരാതികൾ ലഭിച്ചു. വിവാദ പരാമർശത്തിൽ കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
സംഭവത്തിൽ വിശദമായ പരിശോധനയ്ക്ക് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു.











