തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥികളെ വെടിവെച്ച് കൊല്ലണമെന്ന് ആഹ്വാനം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ. തെലങ്കാനയിലെ ബിജെപി എംപിയുടെയും കേരളത്തിലെ പ്രഭാഷകൻ ടി.ജി. മോഹൻദാസിന്റെയും പരാമർശങ്ങൾക്കെതിരെയാണ് പിണറായി വിജയൻ വിമർശനം ഉന്നയിച്ചത്.
സമരങ്ങൾ അവസാനിച്ച ശേഷവും സമൂഹത്തിൽ വിദ്വേഷം വളർത്താനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇത്തരം പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള സമീപനമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും, കൊലവിളി നടത്തിയവർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും പിണറായി വിജയൻ ആരോപിച്ചു.
സമാധാനപരമായ പ്രതിഷേധങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്ന പൊലീസ്, പരസ്യമായി അക്രമ ആഹ്വാനം നടത്തുന്നവർക്കെതിരെ മൗനം പാലിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സേനയെയും നിയമവ്യവസ്ഥയെയും രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങാൻ അനുവദിക്കരുതെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
ജനാധിപത്യപരമായി പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും, കലാപാഹ്വാനം നടത്തിയവർക്കെതിരെ അടിയന്തരമായി കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


