തിരുവനന്തപുരം: സംസ്ഥാനത്ത് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്. കണ്ണൂരിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. നാളെ മുതല്‍ മഴ കുറയും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടുണ്ട്.
നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മിഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം കരമന നദി (വെള്ളൈകടവ് സ്റ്റേഷന്) മഞ്ഞ അലേർട്ടിന് ഉൾപ്പെടുത്തി. നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. യാതൊരു സാഹചര്യത്തിലും നദിയില്‍ ഇറങ്ങാനോ കടക്കാനോ പാടില്ല. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കണമെന്നും കെഎസ്ഡിഎംഎ നിർദേശിച്ചു.
കാലാവസ്ഥാ വകുപ്പും കള്ളക്കടൽ ജാഗ്രതാ മുന്നറിയിപ്പ് നൽകി. കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നു. നാളെ പുലർച്ചെ 5.30 വരെ ഉയർന്ന തിരമാലകൾ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശം ലഭിച്ചിട്ടുണ്ട്.






