കൊച്ചി: കലാച്ചി നോവലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ എഴുത്തുകാരി ഹരിത സാവിത്രിക്കെതിരെ കെ. ആർ. മീര വക്കീൽ നോട്ടീസ് അയച്ചു. ഫേസ്ബുക്കിലൂടെ തന്നെയാണ് കെ. ആർ. മീര ഈ വിവരം അറിയിച്ചത്.
ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ അവമതിപ്പ് സൃഷ്ടിച്ചതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് നിയമനടപടിക്ക് മുന്നോടിയായി അഭിഭാഷകൻ മുഖേന വക്കീൽ നോട്ടീസ് അയച്ചതെന്ന് കെ. ആർ. മീര വ്യക്തമാക്കി.
നോട്ടീസിൽ വ്യക്തമാക്കിയ തീയതിക്കകം ആവശ്യപ്പെട്ട നടപടികൾ സ്വീകരിക്കാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും അവർ അറിയിച്ചു. ലീഗൽ നോട്ടീസിന് ഹരിത സാവിത്രിയുടെ മറുപടി ലഭിച്ചതിന് ശേഷം തുടർവിവരങ്ങൾ അറിയിക്കാമെന്നും കെ. ആർ. മീര ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.






