ന്യൂഡൽഹി: ക്രൂഡ് ഓയിൽ വിലയിലെ ഇടിവിനെ തുടർന്ന് സ്വകാര്യ ഇന്ധന കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വിലയിൽ കുറവ് പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസലിന് ലിറ്ററിന് 3 രൂപയുമാണ് കുറച്ചത്.
ഡൽഹിയിലെ നയാര പെട്രോൾ പമ്പുകളിൽ പുതിയ വില പ്രകാരം പെട്രോളിന് ലിറ്ററിന് 105.71 രൂപയും ഡീസലിന് 94.31 രൂപയുമാണ്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് അല്പം അയവ് വന്നതിന് പിന്നാലെ ഇന്ധനവില കുറയ്ക്കുന്ന ആദ്യ സ്വകാര്യ കമ്പനികളിലൊന്നായി നയാര എനർജി മാറി. നേരത്തെ പ്രതിസന്ധി രൂക്ഷമായപ്പോൾ വില വർധിപ്പിച്ചതും ഈ കമ്പനിയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ 183.50 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ സിലിണ്ടറിന്റെ വില 2951 രൂപയായി കുറഞ്ഞു. ഹോട്ടൽ മേഖലയ്ക്ക് ചെറിയ ആശ്വാസം നൽകുന്നതാണ് ഈ വിലക്കുറവ്. എന്നാൽ ഗാർഹിക എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല.
വാണിജ്യ എൽപിജി വിതരണത്തിലെ നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ നീക്കിയതോടെയാണ് വിലയിൽ മാറ്റം വന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ വിതരണ തടസ്സങ്ങൾ നിയന്ത്രണങ്ങൾക്കും വിലക്കയറ്റത്തിനും കാരണമായിരുന്നു. നിലവിൽ യുദ്ധത്തിന് മുമ്പുള്ള നിലയിലേക്ക് വിതരണ സംവിധാനം പുനഃസ്ഥാപിക്കാനാണ് സർക്കാർ ശ്രമം. എൽപിജി വിതരണത്തിൽ കുടുംബങ്ങൾക്ക് പ്രഥമ പരിഗണന നൽകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.





