തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്കൂൾ കുട്ടികളുമായി പോയ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ ഏഴ് കുട്ടികൾക്ക് പരിക്കേറ്റു.
നെയ്യാറ്റിൻകര കാക്കറവിളയിലാണ് അപകടം നടന്നത്. പരിക്കേറ്റ കുട്ടികളെ ആംബുലൻസിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ന്യൂജ്യോതി പബ്ലിക് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.
റോഡിന്റെ വീതികുറഞ്ഞ ഭാഗത്ത് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ബസ് കനാലിലേക്ക് മറിഞ്ഞത്. കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന് വിവരം.
ബസിൽ ഒൻപത് കുട്ടികളും ഒരു ആയയും ഡ്രൈവറും ഉൾപ്പെടെ 11 പേർ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.











