ന്യൂയോര്‍ക്ക് : ലോകകപ്പിലെ ഫ്രാന്‍സ് – മൊറോക്കോ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നിയന്ത്രിക്കാന്‍ അര്‍ജന്റീനന്‍ റഫറിമാരുടെ സംഘത്തെ നിയോഗിച്ച ഫിഫയുടെ നടപടി വ്യാപക ചര്‍ച്ചയാകുന്നു. ഈ ലോകകപ്പില്‍ ഇതാദ്യമായാണ് ഒരു മത്സരത്തിലെ അഞ്ചു റഫറിമാരും ഒരു രാജ്യത്തു നിന്നുള്ളവരാകുന്നത്. മത്സരത്തിലെ പ്രധാന റഫറി ഫകുണ്ടോ ടെല്ലോയാണ്.
കളിക്കളത്തിലെ കടുത്ത നിലപാടുകാരനായാണ് 44 കാരനായ ഫകുണ്ടോ ടെല്ലോ അറിയപ്പെടുന്നത്. മുമ്പ് ഒരു മത്സരത്തില്‍ 10 കളിക്കാരെ ചുവപ്പു കാര്‍ഡ് കാണിച്ച് പുറത്താക്കിയ ചരിത്രവും ടെല്ലോയ്ക്കുണ്ട്. അര്‍ജന്റീന സൂപ്പര്‍ കപ്പില്‍ ബൊക്ക ജൂനിയേഴ്‌സ് – റേസിങ് ക്ലബ് മല്‍സരത്തിലാണ് ടെല്ലോ 10 ചുവപ്പുകാര്‍ഡുകള്‍ ഉയര്‍ത്തി ചരിത്രം സൃഷ്ടിച്ചത്. 2022ലെ ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നിയന്ത്രിച്ചതും ഫകുണ്ടോ ടെല്ലോ ആയിരുന്നു.
ടെല്ലോയെ സഹായിക്കാന്‍ അസിസ്റ്റന്റ് റഫറിമാരായി അര്‍ജന്റീനക്കാരായ യുവാന്‍ പാബ്ലോ ബെലാറ്റിയും ഗബ്രിയേല്‍ ചാഡെയും ഉണ്ടാകും. ഡാരിയോ ഹെരേര നാലാം റഫറിയായും ക്രിസ്റ്റ്യന്‍ നവാരോ റിസര്‍വ് അസിസ്റ്റന്റ് റഫറിയായും പ്രവര്‍ത്തിക്കുമെന്നാണ് ഫിഫ വ്യക്തമാക്കിയിട്ടുള്ളത്.











