കോട്ടയം: ഇടുക്കി കഞ്ഞിക്കുഴി മേഖലയിലെ വനംവകുപ്പിന്റെ കുടിയിറക്കൽ നടപടികൾക്കെതിരെ സിപിഐഎം നേതാവ് എം.എം. മണി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഉദ്യോഗസ്ഥർ ജനങ്ങളോട് മര്യാദയോടെ പെരുമാറിയില്ലെങ്കിൽ നിയമം കൈയിലെടുക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
നഗരംപാറ ഫോറസ്റ്റ് ഓഫീസിലേക്ക് സിപിഐഎം സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എം. മണി. താമസിക്കുന്ന സ്ഥലത്തേക്കോ കൃഷിയിടങ്ങളിലേക്കോ വനംവകുപ്പ് ഉദ്യോഗസ്ഥർ ബലമായി കടന്നുകയറാൻ ശ്രമിച്ചാൽ ശക്തമായ പ്രതിരോധം നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
“ജനങ്ങളോട് മര്യാദകേടായി പെരുമാറുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന കാര്യം ഓർക്കണം. പൊതുപ്രവർത്തനത്തിന് ഇറങ്ങുന്ന ഞങ്ങൾ തിരിച്ചെത്തുമെന്ന ഉറപ്പോടെയല്ല പ്രവർത്തിക്കുന്നത്,” എന്നും എം.എം. മണി പറഞ്ഞു.
150 വർഷം മുമ്പ് വനമായിരുന്നുവെന്ന വാദം ഉയർത്തി ഇപ്പോൾ പതിറ്റാണ്ടുകളായി താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്നവരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൃഷിയിടങ്ങളിലേക്കോ വീടുകളിലേക്കോ ബലമായി പ്രവേശിക്കാൻ ശ്രമിച്ചാൽ സ്ഥലത്തുവെച്ചുതന്നെ പ്രതിരോധിക്കുമെന്നും അത്തരം സാഹചര്യം സൃഷ്ടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസംഗത്തിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനെയും എം.എം. മണി വിമർശിച്ചു. തിരുവനന്തപുരത്ത് ഇരുന്ന് ഭീഷണിപ്പെടുത്താൻ ശ്രമിക്കേണ്ടതില്ലെന്നും ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ സന്നിഹിതരായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും എം.എം. മണി കൂട്ടിച്ചേർത്തു.


