മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യ ബസിൽ യാത്ര ചെയ്ത യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം സ്വദേശി മുർഷിദ് (25) ആണ് പിടിയിലായത്. ചങ്ങരംകുളം- കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് സംഭവം. ബസിലെ തിരക്ക് മുതലെടുത്ത് മുർഷിദ് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യുവതി ബസിൽ വെച്ചുതന്നെ ഇയാളുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തു. യാത്ര അവസാനിച്ച ഉടൻ ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിനും ലൈംഗികാതിക്രമത്തിനുമുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം ആരംഭിച്ച പൊലീസ് മണിക്കൂറുകൾക്കകം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.



