കുടവയർ കുറയ്ക്കാൻ നടക്കാനും ഓടാനും പട്ടിണി കിടക്കാനും വരെ ആളുകൾ റെഡിയാണ്. അതിനൊപ്പമുള്ള ഒരു ട്രെൻഡ് ആണ് ഗ്രീൻ ടീ. എന്നാൽ ഗ്രീൻ ടീ മാത്രം കുടിച്ചതു കൊണ്ട് കാര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. ഗ്രീൻ ടീയിലെ കാറ്റെച്ചിനുകളും കഫീനും ശരീരത്തിന്റെ മെറ്റബോളിസം ചെറിയ തോതിൽ വർധിപ്പിക്കാനും കലോറി ചെലവഴിക്കുന്നത് അല്പം കൂട്ടാനും സഹായിച്ചേക്കുമെങ്കിലും ചെറിയ മാറ്റമാണ് ഉണ്ടാകുക.
അതുകൊണ്ട് ഗ്രീൻ ടീ മാത്രം കുടിച്ചതു കൊണ്ട് വയറിലെ കൊഴുപ്പ് കുറയണമെന്നില്ല. ആരോഗ്യകരമായ ഭക്ഷണക്രമവും സ്ഥിരമായ വ്യായാമവും ഉണ്ടായാൽ മാത്രമേ ഗ്രീൻ ടീയ്ക്ക് സഹായകമായ പങ്ക് വഹിക്കാൻ കഴിയൂ. എന്നാലും ഗ്രീൻ ടീയ്ക്ക് ഗുണങ്ങളുമുണ്ട്.
ആന്റിഓക്സിഡന്റുകൾ ധാരാളമുള്ളതിനാൽ കോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
മെറ്റബോളിസത്തിന് നല്ലതാണ്. കലോറി എരിച്ചുകളയുന്ന പ്രക്രിയയ്ക്ക് ചെറിയ ഉത്തേജനം നൽകാം.
ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. കൊളസ്‌ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിച്ചേക്കാം. ചിലരിൽ ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.




