കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയായ 16 വയസുകാരിയുടെ 27 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി. ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റേതാണ് ഉത്തരവ്. ഗർഭം അലസിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനും കോടതി നിർദേശം നൽകി.
പെൺകുട്ടിയുടെ അമ്മയാണ് ഗർഭം അലസിപ്പിക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. പെൺകുട്ടിയുടെ പ്രായവും സാമൂഹിക സാഹചര്യങ്ങളും കണക്കിലെടുത്ത് ഗർഭം അലസിപ്പിക്കാമെന്ന് കോടതി നിർദേശപ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതി അനുമതി നൽകിയത്.


