അന്താരാഷ്ട്ര വിപണിയിൽ നിന്ന് ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ വൺപ്ലസ് പിൻമാറുകയാണെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. ഇപ്പോഴിതാ ബ്രിട്ടീഷ് സ്മാർട്ഫോൺ ബ്രാൻഡായ നത്തിങ്ങുമായി ബന്ധപ്പെട്ടും സമാനമായ വാർത്തകൾ വരുന്നു. വിവിധ രാജ്യങ്ങളിൽ നത്തിങ് പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്നും കൂട്ടപ്പിരിച്ചുവിടൽ നടക്കുകയാണെന്നുമുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് കമ്പനി രംഗത്തെത്തി.
ഈ വാർത്തകളെല്ലാം വ്യാജമാണെന്ന് കമ്പനിയുടെ സഹസ്ഥാപകൻ ആകിസ് ഇവാഞ്ചലിഡിസ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. ഫോൺ (4ബി) ആദ്യ ദിവസം തന്നെ 29537 മോഡലുകൾ വിറ്റഴിഞ്ഞിട്ടുണ്ടെന്നും അത് ആ റേഞ്ചിലെ റെക്കോഡ് വില്പനയാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ വളർച്ചാ ഘട്ടത്തിലേക്ക് കടക്കുന്നതിനായി കമ്പനി തങ്ങളുടെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുകയാണെന്ന് ഇവാഞ്ചലിഡിസ് പറയുന്നു.



