ന്യൂഡൽഹി: കൽക്കരി കുംഭകോണ കേസിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്. അദ്ദേഹത്തിനെതിരായ കേസ് അവസാനിപ്പിക്കാനുള്ള സിബിഐ റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് സിബിഐ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചത്. കേസ് അവസാനിപ്പിക്കാനുള്ള സിബിഐയുടെ തീരുമാനം നേരത്തെ വിചാരണ കോടതിയും അംഗീകരിച്ചിരുന്നു.
ഒഡീഷയിലെ താലാബീര-II കൽക്കരിപ്പാടം സ്വകാര്യ കമ്പനിക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് മൻമോഹൻ സിങ്ങിനെതിരെ അന്വേഷണം നടന്നത്. കേസിൽ ആറാം പ്രതിയായിരുന്നു അദ്ദേഹം.
മൻമോഹൻ സിങ് അന്തരിച്ച് രണ്ട് വർഷം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന് കേസിൽ നിന്ന് ഔദ്യോഗികമായി കുറ്റവിമുക്തനായത്.


