ചണ്ഡീഗഢ്: ഹരിയാനയിലെ പാനിപ്പത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തിൽ ചികിത്സാ വീഴ്ച ആരോപിച്ച് ഡോക്ടർമാർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഉത്തർപ്രദേശ് സ്വദേശിനിയായ ഗുഡ്ഡി ദേവിയെയാണ് സംഭവത്തിൽ മരിച്ചത്. റോഡപകടത്തിൽ കാൽ ഒടിഞ്ഞതിനെ തുടർന്ന് ജൂലൈ 24ന് പാനിപ്പത്തിലെ ജിടി റോഡിലുള്ള പാർക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കാലിലെ ഒടിവിന് ചികിത്സ നൽകാനാണ് ആശുപത്രിയിലെത്തിച്ചതെന്ന് കുടുംബം പറയുന്നു. എന്നാൽ, അടുത്ത ദിവസം ആശുപത്രി അധികൃതർ ഹൃദയ രക്തക്കുഴലിൽ തടസ്സം കണ്ടെത്തിയെന്നും സ്റ്റന്റ് സ്ഥാപിച്ചെന്നും ബന്ധുക്കളെ അറിയിച്ചതായാണ് റിപ്പോർട്ട്.
എന്നാൽ, ഹൃദയ ശസ്ത്രക്രിയയെക്കുറിച്ചോ രോഗാവസ്ഥയെക്കുറിച്ചോ നേരത്തെ തങ്ങളോട് അറിയിച്ചിരുന്നില്ലെന്നും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ രേഖകളിൽ ഒപ്പിട്ടിട്ടില്ലെന്നും കുടുംബം ആരോപിച്ചു. സംഭവത്തിന് പിന്നാലെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. തുടർന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായാണ് വിവരം. ചികിത്സാ നടപടികളിൽ വീഴ്ച ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിലൂടെ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.


