കോഴിക്കോട്: പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ബുധനാഴ്ച രാവിലെ 9 മണിയോടെ പൊലീസ് സ്റ്റേഷന് സമീപത്തെ സർവീസ് റോഡിൽ ഫൂട്ട് ഓവർ ബ്രിഡ്ജിന് സമീപമാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. പന്തീരാങ്കാവ് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ ഷറഫുദ്ദീൻ ഉടൻ വാഹനം നിർത്തി പുറത്തിറങ്ങി. പിന്നാലെ നിമിഷങ്ങൾക്കകം കാറിൽ തീ ആളിപ്പടർന്നു.
സംഭവം കണ്ട നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് മീഞ്ചന്ത അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിൽ കാർ പൂർണമായും കത്തിനശിച്ചു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഡ്രൈവർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായതായി അധികൃതർ അറിയിച്ചു.




