മലപ്പുറം: ജില്ലയിലെ അനധികൃത ചെങ്കൽ, കരിങ്കൽ ക്വാറികൾക്കും അനുമതിയില്ലാത്ത മണ്ണെടുപ്പിനുമെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. മലപ്പുറം–വേങ്ങര റോഡിൽ പാണക്കാട് സമീപം അടുത്തിടെ ഉണ്ടായ രൂക്ഷമായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ കളക്ടറേറ്റിൽ ചേർന്ന ജിയോളജി, പഞ്ചായത്ത്, പൊലീസ്, റവന്യൂ, ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറികൾ കണ്ടെത്തുന്നതിനും പെർമിറ്റില്ലാതെ കുന്നിടിച്ചും മണ്ണെടുത്തും നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ തടയുന്നതിനുമായി ജിയോളജി, പൊലീസ്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിക്കും.
അനധികൃത ക്വാറി ഉൽപ്പന്നങ്ങളുടെ കടത്ത് തടയാൻ പ്രധാന മേഖലകളിൽ പൊലീസ്, റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥർ ഉൾപ്പെട്ട 24 മണിക്കൂറും പ്രവർത്തിക്കുന്ന ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി. ക്വാറി ഉൽപ്പന്നങ്ങളുമായി സഞ്ചരിക്കുന്ന ടിപ്പർ ലോറികൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയ്ക്ക് വിധേയമാക്കും.
സംസ്ഥാന, ദേശീയപാതകളുടെ വശങ്ങളിൽ അപകടഭീഷണി സൃഷ്ടിക്കുന്ന തരത്തിലുള്ള കയ്യേറ്റങ്ങൾ ഉടൻ കണ്ടെത്തി ഒഴിപ്പിക്കാനും യോഗം നിർദേശിച്ചു. പൊതുസുരക്ഷ ഉറപ്പാക്കാനും അനധികൃത ഖനന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുമുള്ള നടപടികൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.




