കാസർകോട്: കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ അന്വേഷണത്തിന് നിർദേശം നൽകി ജില്ലാ കളക്ടർ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എഡിഎമ്മിനെ ചുമതലപ്പെടുത്തി. ഈ മാസം ഏഴിന് വിഷം കഴിച്ച ആശാലത ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.
ഓഫീസിലും വീട്ടിലും ഒറ്റപ്പെട്ടുപോയത് മാനസികമായി തളർത്തിയെന്നും ഇതാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണമെന്നുമാണ് ആശാലതയുടെ മരണമൊഴിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ആശുപത്രിയിൽവെച്ച് പൊലീസിന് നൽകിയ മൊഴിയിലും വീട്ടിലെയും ഓഫീസിലെയും മാനസിക സമ്മർദമാണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്ന് ആശാലത പറഞ്ഞതായി അധികൃതർ അറിയിച്ചു. അതേസമയം, ആർക്കെതിരെയും പരാതിയില്ലെന്നും മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.
എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗവും കളക്ടറേറ്റിലെ അക്ഷര ലൈബ്രറി ഭാരവാഹിയുമായിരുന്നു ആശാലത. എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ആശാലതയെ രണ്ട് മാസം മുമ്പാണ് എൻഡോസൾഫാൻ സെല്ലിലേക്ക് മാറ്റിയത്.
സംഭവത്തിൽ റവന്യൂ കമ്മീഷണറുമായും ജില്ലാ കളക്ടറുമായും സംസാരിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ കർശന നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പ്രതികരിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയോ സമ്മർദമോ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആശാലതയെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിൽ നിന്ന് എൻഡോസൾഫാൻ സെല്ലിലേക്ക് മാറ്റിയത് നിലവിലെ സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജോലിഭാരം താരതമ്യേന കുറഞ്ഞ വിഭാഗമാണ് എൻഡോസൾഫാൻ സെല്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ വസ്തുതകൾ കൃത്യമായി അന്വേഷിക്കാതെ എല്ലാ വിഷയങ്ങളിലും രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും മന്ത്രി പ്രതികരിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടർനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുക.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




