മോസ്കോ: കരിങ്കടൽ തീരത്തുള്ള റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ മന്ദിരത്തിന് (ഗെലെൻഡ്‌ഷിക് കൊട്ടാരം) സുരക്ഷയൊരുക്കിയിരുന്ന റഷ്യയുടെ അത്യാധുനിക ‘എസ്-400 ട്രയംഫ്ദ’ വ്യോമപ്രതിരോധ മിസൈൽ സംവിധാനം തകര്‍ത്ത് യുക്രൈന്‍. ദക്ഷിണ റഷ്യയിലെ ഗെലെൻഡ്‌ഷിക് മേഖലയിലുള്ള പുടിന്റെ കൊട്ടാരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ സ്ഥാപിച്ചിരുന്ന സംവിധാനമാണ് ആക്രമിക്കപ്പെട്ടത്. വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവയെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ഈ സിസ്റ്റം.
ആക്രമണത്തിന് ഇരയായ മിസൈൽ ലോഞ്ചർ മൂന്ന് മണിക്കൂറോളം കത്തിയെരിയുകയും പൊട്ടിത്തെറിക്കുകയും ചെയ്തതായി ഉക്രെയ്ൻ അൺമാൻഡ് സിസ്റ്റംസ് ഫോഴ്സ് കമാൻഡർ മേജർ റോബർട്ട് ബ്രോവ്ഡിനെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുടിന്റെ വസതിക്ക് ചുറ്റുമുള്ള 27 ചതുരശ്ര മൈൽ സുരക്ഷാ മേഖലയും നോ-ഫ്ലൈ സോണും മറികടന്നാണ് യുക്രൈന്‍ ഡ്രോണുകൾ ആക്രമണം നടത്തിയത്. ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങളും മൊബൈൽ ഫയർ ടീമുകളും ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ടായിരുന്നു.











