ഭുവനേശ്വർ: ബിഹാറിലെ ലഖിസാരായി ജില്ലയിലെ അശോക്ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ശ്രാവൺ മാസത്തിലെ തിങ്കളാഴ്ചയായതിനാൽ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കുണ്ടായിരുന്നു.
ക്ഷേത്രത്തിൽ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് ആളുകൾക്ക് ഷോക്കേറ്റെന്ന പ്രചാരണമാണ് തിക്കിനും തിരക്കിനും കാരണമായതെന്നാണ് പ്രാഥമിക വിവരം. എന്നാൽ അപകടത്തിന്റെ യഥാർഥ കാരണം കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് എസ്ഡിപിഒ ശിവം കുമാർ അറിയിച്ചു.
ക്ഷേത്രത്തിന് സമീപത്തെ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച പുലർച്ചെ 6.30നും 6.45നും ഇടയിൽ രണ്ട് ട്രെയിനുകൾ എത്തിയതോടെ ഭക്തരുടെ തിരക്ക് കൂടുതൽ വർധിച്ചതായും അധികൃതർ വ്യക്തമാക്കി. തിരക്ക് കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ആൾക്കൂട്ടത്തിന്റെ സമ്മർദത്തെ തുടർന്ന് ബാരിക്കേഡിന്റെ ഒരു ഭാഗം തകർന്നതാണ് അപകടത്തിന് കാരണമായതെന്ന് ലഖിസാരായി ജില്ലാ മജിസ്ട്രേറ്റ് ശൈലേന്ദ്ര കുമാർ പറഞ്ഞു.
ബാരിക്കേഡ് തകർന്നതോടെ ആളുകൾ പരസ്പരം മുകളിലേക്ക് വീഴുകയായിരുന്നു. തുടർന്ന് 15 പേരടങ്ങുന്ന സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആദ്യം സമീപത്തെ മെഡിക്കൽ സെന്ററുകളിലേക്ക് മാറ്റി.
സംഭവത്തെ തുടർന്ന് ക്ഷേത്രപരിസരത്ത് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. അപകടത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു.


