കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജാദവ്പൂർ സർവകലാശാലയിൽ ഇടതുപക്ഷ- എബിവിപി പ്രവർത്തകർ തമ്മിൽ വൻ സംഘർഷം. എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി സ്റ്റുഡന്റ്സ് യൂണിയന്റെ ജനറൽ ബോഡി യോഗവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
പുറത്തുനിന്നുള്ളവരെ ക്യാമ്പസിലെത്തിച്ച് എബിവിപി പ്രവർത്തകർ അക്രമം നടത്തിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം. വടികളുമായി എത്തിയ സംഘം ബാനറുകളും പോസ്റ്ററുകളും നശിപ്പിക്കുകയും എസ്എഫ്ഐയുടെ പതാകകൾ കത്തിക്കുകയും ചെയ്തതായി നേതാക്കൾ പറഞ്ഞു. അരബിന്ദോ ഭവന് തീയിടാനും ശ്രമിച്ചെന്നാണ് ആരോപണം. ബിജെപി എംഎൽഎ ശർബാരി മുഖർജിയുടെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പസിൽ കയറി അക്രമത്തിന് നേതൃത്വം നൽകിയെന്നും എസ്എഫ്ഐ നേതാക്കൾ ആരോപിച്ചു.
എന്നാൽ ഏകപക്ഷീയമായി യൂണിയൻ രൂപീകരിക്കാൻ ഇടതുപക്ഷ സംഘടനകൾ ശ്രമിച്ചെന്നും ഇതിനെതിരെ പ്രതികരിച്ച എബിവിപി പ്രവർത്തകരെ മർദിച്ചെന്നുമാണ് എബിവിപിയുടെ ആരോപണം. ക്യാമ്പസിൽ യൂണിയനുകൾ പാടില്ലെന്നും ജനറൽ ബോഡി യോഗം എങ്ങനെ വിളിച്ചുചേർത്തുവെന്നും ശർബാരി മുഖർജി ചോദിച്ചു. തുടർന്ന് അവർ ജാദവ്പൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
അക്രമം ഭയന്ന് സുരക്ഷാ ജീവനക്കാർ ക്യാമ്പസിന്റെ ഗേറ്റുകൾ അടച്ചെങ്കിലും അക്രമികൾ ഗേറ്റുകൾ ചവിട്ടിത്തുറക്കാൻ ശ്രമിച്ചു. പ്രോ-വൈസ് ചാൻസലറുടെ അഭ്യർഥനയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ക്യാമ്പസിലുണ്ടായിരുന്നവരെ നീക്കം ചെയ്തു. സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ വൈസ് ചാൻസലർ പ്രൊഫസർ ചിരഞ്ജീബ് ഭട്ടാചാര്യ അക്രമം അപലപനീയമാണെന്നും സർവകലാശാല പഠിക്കാനുള്ള സ്ഥലമാണെന്നും പറഞ്ഞു. സംഭവത്തിന് പിന്നാലെ വ്യാഴാഴ്ച ജാദവ്പൂർ സർവകലാശാലയിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട ഒരു ഹർജി കൽക്കട്ട ഹൈക്കോടതിയുടെ പരിഗണനയിലുമുണ്ട്.


