കേരള പോലീസിന്റെ അഭിമാനങ്ങളിൽ ഒരാളായ മെറിൻ ജോസഫ് ഐ.പി.എസ് ഇപ്പോൾ കോഴിക്കോട് റൂറലിൽ ലഹരിമാഫിയയുടെ പുതിയ പേടിസ്വപ്നമാണ്. അടുത്തിടെ ജില്ലയിൽ നടന്ന വൻ എം.ഡി.എം.എ. വേട്ടയ്ക്ക് നേരിട്ട് നേതൃത്വം നൽകിയതോടെ റൂറലിന്റെ നെടുംതൂണും ജനങ്ങളുടെ വിശ്വസ്തത നേടിയ ഉദ്യോഗസ്ഥയുമായി അവർ മാറിയിരിക്കുന്നു. കേസിൽ ലഹരി ശൃംഖലയുടെ വേരുകൾ കണ്ടെത്താൻ വിപുലമായ തുടരന്വേഷണം ശക്തമായി പുരോഗമിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ടാണ് കോഴിക്കോട് റൂറലിലെ ക്രമസമാധാന പാലനത്തിലും ലഹരി വിരുദ്ധ പോരാട്ടത്തിലും മെറിൻ ജോസഫ് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചത്. ജില്ലയിലെ ലഹരി ശൃംഖലകളെ വേരോടെ പിഴുതെറിയാനുള്ള ചടുലവും കർശനവുമായ നീക്കങ്ങളാണ് എസ്.പി.യുടെ നേതൃത്വത്തിൽ ഇപ്പോൾ നടന്നു വരുന്നത്.
വൻ തോതിൽ എം.ഡി.എം.എ. പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ, അന്തർസംസ്ഥാന ലഹരി ശൃംഖലകളുടെ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു. ലഹരിയുടെ ഉറവിടവും അതിനു പിന്നിലെ സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചുള്ള വൻ അന്വേഷണ പദ്ധതിക്കാണ് മെറിൻ ജോസഫ് രൂപം നൽകിയിരിക്കുന്നത്. അടുത്തിടെ നടന്ന മിന്നൽ പരിശോധനകളിലൂടെ റൂറലിലെ ലഹരി കടത്തു സംഘങ്ങളെ നിലയ്ക്കു നിർത്താൻ പോലീസിന് സാധിച്ചു. ലഹരിമരുന്ന് കടത്തിന്റെ വേരുകൾ പിഴുതെറിയാൻ അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ എസ്.പി. കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും സാധാരണക്കാരോട് അങ്ങേയറ്റം കാരുണ്യവും ഒരുപോലെ കോർത്തിണക്കുന്നതാണ് മെറിൻ ജോസഫിന്റെ പ്രവർത്തന ശൈലി. അതുകൊണ്ടുതന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് റൂറലിലെ ജനങ്ങളുടെയും സഹപ്രവർത്തകരുടെയും പൂർണ്ണ വിശ്വാസ്യത നേടിയെടുക്കാൻ അവർക്ക് സാധിച്ചു. പഠനകാലം മുതൽക്കേ മികവിന്റെ പര്യായമായിരുന്നു മെറിൻ. കേരളത്തിൽ കുടുംബ വേരുകളുണ്ടെങ്കിലും ദൽഹിയിലായിരുന്നു അവരുടെ ബാല്യവും വളർച്ചയും. ദൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ ശേഷം, പ്രശസ്തമായ കോമൺവെൽത്ത് സ്‌കോളർഷിപ്പോടെ ഓക്‌സ്ഫഡ് സർവകലാശാലയിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും അവർ കരസ്ഥമാക്കി. കേന്ദ്ര ഗവൺമെന്റിന്റെ മുൻ പ്രിൻസിപ്പൽ അഡൈ്വസറായിരുന്ന പിതാവ് ഡോ. ജോസഫ് എബ്രഹാമിന്റെ പ്രോത്സാഹനമാണ് സിവിൽ സർവീസിലേക്ക് മെറിനെ എത്തിച്ചത്. തൻ്റെ 22-ാം വയസ്സിൽ ആദ്യ ശ്രമത്തിൽ തന്നെ ഐ.പി.എസ്. നേട്ടം സ്വന്തമാക്കാൻ അവർക്ക് സാധിച്ചു.
2012-ൽ ഐ.പി.എസ്. കേരള കേഡറിൽ പ്രവേശിച്ച മെറിൻ ജോസഫ്, സർവീസിന്റെ തുടക്കം മുതൽ ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തിയത്. മൂന്നാറിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസായിരിക്കെ തോട്ടം തൊഴിലാളികൾ നടത്തിയ ചരിത്രപരമായ ‘പെമ്പിളൈ ഒരുമൈ’ പ്രക്ഷോഭം മാനേജ്മെന്റുമായി സമർത്ഥമായി ചർച്ച നടത്തി സമാധാനപരമായി പരിഹരിച്ചതാണ് മെറിനെ ആദ്യം പൊതുശ്രദ്ധയിലെത്തിച്ചത്. പിന്നീട് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് തുടങ്ങി വിവിധ ജില്ലകളിൽ സിറ്റി പോലീസ് കമ്മീഷണറായും കേഡർ തസ്തികകളിലും മികവോടെ പ്രവർത്തിക്കാൻ അവർക്ക് സാധിച്ചു.
കഴിഞ്ഞ 14 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ പ്രതിസന്ധികളെ ധീരമായി നേരിടാനുള്ള മികച്ച നേതൃപാടവം മെറിൻ തെളിയിച്ചു. 2018-ലെ മഹാപ്രളയ കാലത്ത് ദുരന്തനിവാരണ രക്ഷാപ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിച്ചതിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ മെറിന് ലഭിക്കുകയുണ്ടായി. കൂടാതെ കാണാതായ സ്ത്രീകളെയും കുട്ടികളെയും കണ്ടെത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചതിന് സംസ്ഥാന പോലീസ് മേധാവിയുടെ ‘ബാഡ്ജ് ഓഫ് ഓണർ’ പുരസ്‌കാരവും അവർ കരസ്ഥമാക്കിയിട്ടുണ്ട്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണറായിരിക്കെ 13 വയസ്സുകാരി പീഡിപ്പിക്കപ്പെട്ട കേസിൽ നടത്തിയ സമാനതകളില്ലാത്ത ഇടപെടൽ മെറിന്റെ സർവീസിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്. കേസിൽ കുറ്റകൃത്യത്തിന് ശേഷം പ്രതി സൗദി അറേബ്യയിലേക്ക് കടന്നുകളഞ്ഞിരുന്നു. എന്നാൽ, വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന മെറിൻ, സി.ബി.ഐ., ഇന്റർപോൾ, സൗദി അധികൃതർ എന്നിവരുമായി ഉന്നതതല ഏകോപനം നടത്തി. 2019-ൽ മെറിൻ നേരിട്ട് റിയാദിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിച്ചത്. സൗദി അറേബ്യയിൽ നിന്ന് ഒരു കുറ്റവാളിയെ നേരിട്ടെത്തിച്ച് നിയമത്തിന് മുന്നിൽ ഹാജരാക്കിയ അപൂർവ്വ സംഭവമായിരുന്നു ഇത്. പിന്നീട് ഈ കേസിൽ കോടതി പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു.
ലഹരി വിരുദ്ധ പോരാട്ടത്തിലും കുറ്റകൃത്യങ്ങൾ തടയുന്നതിലും കർശന നിലപാട് സ്വീകരിക്കുമ്പോൾ തന്നെ സാധാരണക്കാരുടെ പരാതികളിൽ കനിവോടെയുള്ള സമീപനമാണ് കോഴിക്കോട് റൂറലിൽ എസ്.പി. സ്വീകരിക്കുന്നത്. ഇത് ജനങ്ങൾക്കിടയിൽ അവരുടെ സ്വീകാര്യത വൻതോതിൽ വർദ്ധിപ്പിച്ചു. റൂറലിലെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ജനസൗഹൃദമാക്കാനും പ്രത്യേക നിർദ്ദേശങ്ങൾ മെറിൻ നൽകിയിട്ടുണ്ട്. പരാതികളിൽ ഉടനടി നടപടിയുണ്ടാകുന്നത് പോലീസിലുള്ള ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിച്ചു.
സ്റ്റേഷൻ പരിധികളിൽ ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിന് പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്‌കൂളുകൾ, കോളേജുകൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും എസ്.പി. തന്നെ നേരിട്ട് മുൻകൈ എടുക്കുന്നു. യുവതലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കുക എന്നതിനാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്ന് മെറിൻ വ്യക്തമാക്കുന്നു. റൂറലിൽ നടന്ന വൻ എം.ഡി.എം.എ. വേട്ട ഇതിന്റെ തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളിൽ ലഹരിമാഫിയക്കെതിരെ കൂടുതൽ ശക്തമായ നടപടികളുണ്ടാകുമെന്നും എസ്.പി. മുന്നറിയിപ്പ് നൽകുന്നു.
ഓരോ വെല്ലുവിളികളും താൻ എന്തിനാണ് പൊതുസേവനം തിരഞ്ഞെടുത്തത് എന്ന് ഓർമ്മിപ്പിക്കുന്നുവെന്നാണ് മെറിൻ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയായ കിരൺ ബേദിയാണ് തന്റെ നിത്യപ്രചോദനം. സ്വന്തം ശബ്ദത്തിന്റെ ശക്തിയെ തിരിച്ചറിഞ്ഞ് സ്വപ്നങ്ങൾ കീഴടക്കാൻ യുവതികളെ പ്രചോദിപ്പിക്കാനും ഈ ഐ.പി.എസ്. ഉദ്യോഗസ്ഥ എന്നും മുൻപന്തിയിലുണ്ട്. കോഴിക്കോട് റൂറലിൽ ലഹരിമാഫിയയുടെ അന്ത്യം കുറിക്കാനും, സമൂഹത്തിൽ ക്രമസമാധാനം ഉറപ്പുവരുത്താനുമുള്ള മെറിൻ ജോസഫിന്റെ വിട്ടുവീഴ്ചയില്ലാത്ത ഈ പോരാട്ടം പൊതുജനങ്ങൾക്ക് വലിയ പ്രതീക്ഷയും ആത്മവിശ്വാസവുമാണ് നൽകുന്നത്.



