കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയിൽ അടുത്തിടെ പൊലീസ് കസ്റ്റഡിയിലെടുത്ത യൂട്യൂബർ അശ്വന്ത് കോക്ക് സംഭവത്തിൽ പ്രതികരണവുമായി രംഗത്ത്. കോഴിക്കോട് നടക്കാവിൽ അശ്വന്തിന്റെ വാഹനം കാറിലും ബൈക്കിലും ഉൾപ്പെടെ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പരാതി. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത അശ്വന്തിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
മദ്യപിച്ച് വാഹനമോടിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ചെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ ആദ്യമായാണ് വിഷയത്തിൽ അശ്വന്ത് പ്രതികരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ‘ജയിലർ 2’ ട്രെയിലർ പ്രതികരണ വീഡിയോയിലാണ് അശ്വന്ത് സംഭവത്തെക്കുറിച്ച് സംസാരിച്ചത്.
മദ്യപിച്ച് വാഹനമോടിച്ചത് തെറ്റായിപ്പോയെന്ന് അംഗീകരിച്ച അശ്വന്ത് ഇനി ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കില്ലെന്നും വ്യക്തമാക്കി. ജീവിതത്തിൽ നിയമവിരുദ്ധമായി ചെയ്ത ഏക കാര്യം ഇതാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പ്രവൃത്തിയെ വിമർശിക്കുന്നവരോട് തെറ്റ് അംഗീകരിക്കുന്നുവെന്നായിരുന്നു അശ്വന്തിന്റെ പ്രതികരണം. തെറ്റുകൾ സംഭവിക്കാമെന്നും എന്നാൽ അതിൽനിന്ന് പാഠം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഇനി മദ്യപിച്ച് വാഹനമോടിക്കില്ലെന്നും കേരള പൊലീസിന് അത്തരമൊരു അവസരം നൽകില്ലെന്നും അശ്വന്ത് വ്യക്തമാക്കി.
മുൻപ് പൊതുസ്ഥലത്ത് പുകവലിച്ചിരുന്നെങ്കിലും ഇപ്പോൾ അത് ഉപേക്ഷിച്ചെന്നും മറ്റൊരു നിയമവിരുദ്ധ പ്രവർത്തനവും താൻ ചെയ്യാറില്ലെന്നും അശ്വന്ത് പറഞ്ഞു. ഇനി മദ്യപിച്ച് തന്നെ കാണാൻ കഴിയില്ലെന്നും ഇത് മറ്റാർക്കുമുള്ള വാഗ്ദാനമല്ല, തന്നോട് തന്നെയുള്ള വാഗ്ദാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തന്റെ ‘ജയിലർ 2’ റിവ്യൂ വീഡിയോ ഒരു മില്യൺ കാഴ്ചകൾ പിന്നിടുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അശ്വന്ത് പറഞ്ഞു. വിമർശനങ്ങൾക്കിടയിലും വീഡിയോയ്ക്ക് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.




