പാലക്കാട്: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെ തൽക്കാലം പാർട്ടി വേദികളിൽ നിന്ന് മാറ്റിനിർത്താൻ ആലോചന. ഈ മാസാവസാനത്തോടെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വരെ മാറ്റിനിർത്താനാണ് നീക്കം. സുരേഷ് ബാബുവിനെതിരായ പരാതിയിൽ അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും ഉണ്ടാവുക.
അതേസമയം, സുരേഷ് ബാബുവിനെ പാർട്ടി വേദികളിൽ നിന്ന് മാറ്റിനിർത്തില്ലെന്നും പരാതി ഉയർന്നിട്ടുണ്ടെങ്കിൽ അതിജീവിതയ്ക്കൊപ്പമായിരിക്കും സിപിഎം നിലകൊള്ളുകയെന്നും എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് സുരേഷ് ബാബുവിനെ പാർട്ടി ഒഴിവാക്കിയിട്ടുണ്ട്. വി. ശിവൻകുട്ടിക്ക് പരാതി ലഭിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും ലഭിച്ചിട്ടുണ്ടെങ്കിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പരിശോധിച്ചിട്ടുണ്ടാകാമെന്നും കൃഷ്ണദാസ് പറഞ്ഞു. പരാതി ഇതുവരെ സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം എപ്പോഴും സ്ത്രീപക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്നും പരാതി ഉയർന്നിട്ടുണ്ടെങ്കിൽ അതിജീവിതയ്ക്കൊപ്പമായിരിക്കും പാർട്ടി നിലകൊള്ളുകയെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു. കോൺഗ്രസിനും ബിജെപിക്കും സിപിഎമ്മിനെ പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ.എൻ. സുരേഷ് ബാബുവിനെതിരായ പാർട്ടി നടപടിയെ സ്വാഗതം ചെയ്ത് നിയമജ്ഞൻ സെബാസ്റ്റ്യൻ പോൾ രംഗത്തെത്തി. പാർട്ടി നടപടി കൊണ്ട് മാത്രം കേസ് അവസാനിപ്പിക്കരുതെന്നും പരാതി പോലീസിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിയോട് സൗമനസ്യം കാണിക്കേണ്ട സാഹചര്യമില്ലെന്നും പാർട്ടി ഓഫീസ് സ്ത്രീകൾക്ക് നിർഭയമായി കടന്നുചെല്ലാൻ കഴിയുന്ന ഇടമാകണമെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. പി. ശശിയുടെ കാര്യത്തിൽ സ്വീകരിച്ച നിലപാടിൽനിന്ന് വ്യത്യസ്തമായി ഇപ്പോൾ സ്വീകരിച്ച നടപടിയാണ് ശരിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ മൂല്യം ഉയർത്തിപ്പിടിച്ചാണ് സിപിഎം നടപടിയെടുത്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. പാർട്ടിക്കകത്തുള്ള സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കാനും സംരക്ഷിക്കാനും എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഭവത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. ലൈംഗിക പീഡനം സംബന്ധിച്ച് അറിവുണ്ടായിട്ടും വിവരം പോലീസിന് കൈമാറിയില്ലെന്ന് ആരോപിച്ചാണ് പരാതി. പൊതുതാൽപ്പര്യപ്രകാരം നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി, ഡിജിപി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
സുരേഷ് ബാബുവിനെതിരെ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും പോലീസിൽ പരാതി നൽകി. സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവും പരാതി പൂഴ്ത്തിവെക്കാൻ ശ്രമിച്ചെന്നാണ് കോൺഗ്രസ് ആരോപണം. പോലീസിന്റെ ഇടപെടലിലൂടെ മാത്രമേ അതിജീവിതയ്ക്കും പൊതുസമൂഹത്തിനും നീതി ലഭിക്കൂ എന്നും കോൺഗ്രസ് പ്രതികരിച്ചു.




