മലപ്പുറം: താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകനെ പൊലീസ് പിടികൂടി. താനൂർ ചെറിയകത്ത് സ്വദേശി സലാമിനെയാണ് താനൂർ ഡാൻസഫ് സംഘം കൊല്ലം ആയിരംതെങ്ങിൽ നിന്ന് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ പ്രതി ജില്ല വിട്ട് ഒളിവിൽ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ആയിരംതെങ്ങിലെത്തിയ അന്വേഷണ സംഘം സലാമിനെ അറസ്റ്റ് ചെയ്തു.
മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ താനൂർ ഡിവൈ.എസ്.പിയുടെ പ്രത്യേക നിർദേശപ്രകാരമാണ് അന്വേഷണം ശക്തമാക്കിയത്. ഏറെ നാളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടെത്താൻ വിവിധ പൊലീസ് സംഘങ്ങൾ അന്വേഷണം നടത്തിയിരുന്നു.
അറസ്റ്റിന് ശേഷം സലാമിനെ താനൂരിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്. ആക്രമണത്തിന് പിന്നിലെ കാരണം, ആസൂത്രണം, പ്രതിക്ക് സഹായം നൽകിയവർ എന്നിവയെക്കുറിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.



