കൊൽക്കത്ത: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വേയെ നേരിടും. കൊൽക്കത്തയിൽ രാത്രി 7.30നാണ് മത്സരം. ലോകകപ്പ് കളിച്ചെത്തിയ പനാമയ്‌ക്കെതിരെ സമനില നേടിയ ഇന്ത്യ, അഞ്ചുതവണ ലോകചാമ്പ്യന്മാരായ ബ്രസീലിനോട് നാലുഗോളിന് തോറ്റ ശേഷമാണ് ഉറുഗ്വേയ്ക്കെതിരെ ഇറങ്ങുന്നത്.
ഫിഫ റാങ്കിംഗിൽ 20-ാം സ്ഥാനത്തുള്ള ഉറുഗ്വേയും 138-ാം സ്ഥാനത്തുള്ള ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിൽ ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീലിന്റെ തന്ത്രങ്ങളിലേക്കാണ് ആരാധകരുടെ ശ്രദ്ധ. ബ്രസീലിനെതിരായ മത്സരത്തിൽ ചെറിയ പിഴവുകൾക്കുപോലും വലിയ വില നൽകേണ്ടിവരുമെന്ന് ഇന്ത്യക്ക് ബോധ്യപ്പെട്ടിരുന്നു. അതിനാൽ ഉറുഗ്വേയ്‌ക്കെതിരെ പ്രതിരോധത്തിലെ ഏകോപനവും പിഴവുകൾ ഒഴിവാക്കുന്നതും നിർണായകമാകും.
ഫെഡറിക്കോ വാൽവെർദെ, റൊണാൾഡ് അറൗഹോ, ഡാർവിൻ നൂന്യസ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഉൾപ്പെട്ട ഉറുഗ്വേയ്‌ക്കെതിരെ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിനും പ്രതിരോധനിരയ്ക്കും വലിയ വെല്ലുവിളിയാകും. ബിജോയ് വർഗീസ്, അൻവർ അലി, ആകാശ് മിശ്ര എന്നിവരും പ്രതിരോധത്തിൽ അണിനിരക്കും. ഇന്ത്യയുടെ ഗോൾ പ്രതീക്ഷകൾ റയാൻ വില്യംസിലേക്കാണ്.
ആഷിഖ് കുരുണിയൻ, മുഹമ്മദ് സനാൻ, സഹൽ അബ്ദുൽ സമദ് എന്നിവരും ടീമിലെ മലയാളി സാന്നിധ്യങ്ങളാണ്.
ഉറുഗ്വേയുടെ മുൻ സൂപ്പർതാരവും 2010 ലോകകപ്പിലെ ടോപ് സ്‌കോററുമായ ഡീഗോ ഫോർലാന്റെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവുകൂടിയാണ് മത്സരം. പത്ത് വർഷം മുൻപ് ഐഎസ്എല്ലിൽ മുംബൈ സിറ്റിയുടെ താരമായിരുന്ന ഫോർലാൻ ഇപ്പോൾ ഉറുഗ്വേയുടെ പരിശീലകനായാണ് ഇന്ത്യയിലെത്തുന്നത്.
അതേസമയം, ബ്രസീലിനെതിരായ മത്സരത്തിലെ കുറഞ്ഞ കാണികളുടെ പശ്ചാത്തലത്തിൽ ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് കുറച്ചിട്ടുണ്ട്. 1,999 രൂപയുടെ ടിക്കറ്റ് 199 രൂപയായാണ് കുറച്ചത്. 85,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ ബ്രസീലിനെതിരായ മത്സരം കാണാൻ ഏകദേശം 50,000 പേരാണ് എത്തിയത്.




