ആലപ്പുഴ: വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചതിന് വീട്ടമ്മയ്ക്ക് സമ്മാനമായി പുത്തൻ ഫ്രിഡ്ജ്. പുറക്കാട് കുടുംബാരോഗ്യ കേന്ദ്രം മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സിവിക് സെൻസ്’ മത്സരത്തിലാണ് വിഭയ്ക്ക് ഫ്രിഡ്ജ് സമ്മാനമായി ലഭിച്ചത്. ജി. സുധാകരൻ എംഎൽഎയാണ് മത്സരത്തിന്റെ നറുക്കെടുപ്പ് നടത്തിയത്. വിജയിയായ വിഭയ്ക്ക് എംഎൽഎ തന്നെ സമ്മാനം കൈമാറി.
മഴക്കാല പൂർവ ശുചീകരണത്തിന്റെ പ്രാധാന്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. വീട്ടിലെ പ്ലാസ്റ്റിക് മാലിന്യം ഹരിതകർമ സേനയ്ക്ക് കൈമാറുക, ഭക്ഷണാവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുക, കരിയില കത്തിക്കാതെ കമ്പോസ്റ്റ് ചെയ്യുക, വീടിന് പുറത്തുള്ള പൊതുസ്ഥലം വൃത്തിയായി സൂക്ഷിക്കുക എന്നിവയായിരുന്നു മത്സരത്തിലെ പ്രധാന നിബന്ധനകൾ.
ഏകദേശം 115 വീട്ടമ്മമാർ മത്സരത്തിൽ പങ്കെടുത്തു. ഇതിൽ 16 പേർ അവസാന റൗണ്ടിലെത്തി. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് വിഭയെ വിജയിയായി തെരഞ്ഞെടുത്തത്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരും ജീവനക്കാരും സ്വന്തം ശമ്പളത്തിൽനിന്നുള്ള പണം ഉപയോഗിച്ചാണ് സമ്മാനങ്ങൾ വാങ്ങിയത്.




