കൊച്ചി: കളമശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി നേരിട്ടത് കൊടും ക്രൂര പീഡനങ്ങളെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ. കൂടുതൽ ഉപദ്രവിച്ചത് സംഘത്തിലുണ്ടായിരുന്ന സ്ത്രീയാണെന്നും യുവതി പറഞ്ഞതായി ഭർത്താവ് വ്യക്തമാക്കി. കടുത്ത മാനസിക, ശാരീരിക പ്രശ്നങ്ങൾ നേരിടുന്ന യുവതി ഇപ്പോഴും കളമശേരി മെഡിക്കൽ കോളജില്‍ ചികിത്സയിലാണ്. ബിയർ കുപ്പി പൊട്ടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയാണ് യുവതി സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടത്. യുവതികളെ ഇത്തരത്തിൽ കെണിയിൽപ്പെടുത്തി സെക്സ് റാക്കറ്റിന്റെ ഭാഗമാക്കുന്ന സംഘമാണ് സ്പായ്ക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നത് എന്നാണ് പൊലീസ് കരുതുന്നത്.
കേസിൽ നാലിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും കടുത്ത മാനസികാഘാതത്തിലുള്ള യുവതി നിലവിൽ ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇടപ്പള്ളിയിൽ സ്പാ നടത്തുന്ന ശ്രീരാഗ് എന്നയാളാണ് യുവതിയെ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് യുവതിയെയും ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും ഇടപ്പള്ളിയിലെ ലോഡ്ജിലെത്തിച്ചു. ലോഡ്ജിൽ വെച്ച് കൂടെയുണ്ടായിരുന്ന സ്ത്രീ യുവതിക്ക് ഐസ്ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകുകയും നിർബന്ധിച്ച് ബിയർ കുടിപ്പിക്കുകയുമായിരുന്നു. ഇവരിൽ നിന്ന് രക്ഷപ്പെടാനായി ബാത്റൂമിൽ ഓടിക്കയറി കതടച്ചെങ്കിലും വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയ നാലുപേർ ചേർന്ന് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.




