തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. സംഘടനാ കാര്യങ്ങൾ ചർച്ചയായതായി സണ്ണി ജോസഫ് പ്രതികരിച്ചു. അടൂർ പ്രകാശ് ഉന്നയിച്ച പരാതി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. വിഷയം ഹൈക്കമാൻഡിന്റെ പരിഗണനയിലുള്ളതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, താൻ ഉന്നയിച്ച പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെയെ നേരിൽ കണ്ട് പരാതി കൈമാറിയെന്നും ദീപ ദാസ് മുൻഷിക്ക് പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയാണ് പരാതി നൽകിയതെന്നും പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. പരാതി പരിഹരിക്കാൻ പാർട്ടി നേതൃത്വം ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിലെ അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാക്കൾ ഡൽഹിയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം മല്ലികാർജുന്‍ ഖർഗെയുമായി അടൂർ പ്രകാശും സണ്ണി ജോസഫും പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു.
കൺവീനർ എന്ന നിലയിൽ തന്നെ നോക്കുകുത്തിയാക്കുകയാണെന്ന് അടൂർ പ്രകാശ് ഖർഗെയോട് പരാതിപ്പെട്ടതായാണ് വിവരം. യുഡിഎഫിൽ കാര്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും യോഗങ്ങൾ കൃത്യമായി ചേരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
സർക്കാർ അധികാരത്തിലെത്തിയ ശേഷം ക്ലിഫ് ഹൗസിൽ ഒരിക്കൽ മാത്രമാണ് യോഗം ചേർന്നതെന്നും സ്ഥാനമാനങ്ങൾ നൽകുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ തീരുമാനങ്ങൾ കൂട്ടായ ചർച്ചയിലൂടെ എടുക്കേണ്ടതായിരുന്നുവെന്നും അടൂർ പ്രകാശ് നേരത്തെ വ്യക്തമാക്കിയിരുന്നു.
സംസ്ഥാന കോൺഗ്രസിലെ തർക്കങ്ങളും അടൂർ പ്രകാശിന്റെ പരാതിയും സംബന്ധിച്ച് ഹൈക്കമാൻഡ് തലത്തിൽ കൂടുതൽ ചർച്ചകൾ തുടരുകയാണ്.




