പാലക്കാട്: സിപിഎം മുൻ പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണെന്നും ആ ബോധ്യത്തിലാണ് സിപിഎം നടപടിയെടുത്തതെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
സ്ത്രീ-പുരുഷ ബന്ധങ്ങളെക്കുറിച്ച് ഏറ്റവും ശരിയായ കാഴ്ചപ്പാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളതെന്നും പാർട്ടിക്കകത്തും പുറത്തുമുള്ള സ്ത്രീകളെ എങ്ങനെ കാണണമെന്ന കാര്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് സുരേഷ് ബാബുവിനെ മാറ്റിയത് തെറ്റ് തിരുത്തലിന്റെ ഭാഗമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുന്നതിനും ആവശ്യമായവരെ പാർട്ടി ചർച്ചകളിലേക്ക് ക്ഷണിക്കുന്നതിനുമാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ വിളിച്ചുചേർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ബാബുവിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പാലക്കാട് പുതിയ ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷനും സമാന നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാന നേതൃത്വത്തിന് മുന്നിലും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. സുരേഷ് ബാബു സ്വയം മാറിനിൽക്കാൻ ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
യുവതിയുടെ പരാതി സംബന്ധിച്ച വിവരം മാധ്യമങ്ങളിലൂടെ മാത്രമാണ് പുറത്തുവന്നതെന്നും പാലക്കാട് പാർട്ടിയിൽ വിഭാഗീയതയില്ലെന്നും ചെന്താമരാക്ഷൻ അവകാശപ്പെട്ടു.
സുരേഷ് ബാബുവിനെതിരായ ആരോപണങ്ങളും പാർട്ടി നേതൃത്വത്തിന്റെ നടപടിയും സംബന്ധിച്ച് രാഷ്ട്രീയ രംഗത്ത് ചർച്ച തുടരുന്നതിനിടെയാണ് നേതാക്കളുടെ പ്രതികരണം.




