കണ്ണൂർ: എഴുത്തുകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് (80) അന്തരിച്ചു. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് അന്ത്യം. ഈ മാസം 18ന് രാത്രി 8.30ന് മുഴപ്പിലങ്ങാട് ബീച്ച് ഭാഗത്തുള്ള വീട്ടിലേക്ക് പോകാൻ മുഴപ്പിലങ്ങാട് മഠം ഭാഗത്തെ സർവീസ് റോഡിൽ നിന്ന് ദേശീയപാത കുറുകെ കടക്കുന്നതിനിടെ വാനിടിച്ചാണ് പരുക്കേറ്റത്. കഴുത്തിനും തലയ്ക്കും പരുക്കേറ്റ ടികെഡിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എഴുത്തുകാരൻ, നാടകപ്രവർത്തകൻ, പ്രഭാഷകൻ, പത്രാധിപർ, കലാസംഘാടകൻ എന്ന നിലയിൽ ശ്രദ്ധേയനാണ് ടി.കെ.ഡി. മുഴപ്പിലങ്ങാട്. നാൽപ്പതോളം പുസ്‌തകങ്ങളും അൻപതോളം നാടകങ്ങളും എഴുതി. കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, സാസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, നാടക അവാർഡ്, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സമഗ്ര സംഭാവന അവാർഡ്, ഗുരുപൂജ എന്നിങ്ങനെയുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.











