തിരുവനന്തപുരം: മധ്യവയസ്കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മൂങ്ങോട് പാണന്റെ വിള വീട്ടിൽ ജോസ് പോൾ (42), ജോൺ പോൾ (40), മൂങ്ങോട് വെമ്പാലോട് വീട്ടിൽ റിജിൻ (40) എന്നിവരെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. മൂങ്ങോട് സ്വദേശി ജോബി (51) ആണ് ആക്രമിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം ഒറ്റൂർ മൂങ്ങോട് സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപമാണ് സംഭവം. ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജോബിയെ മുൻവൈരാഗ്യത്തിന്റെ പേരിൽ പ്രതികൾ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിൽ ജോബിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. തുടർന്ന് ചികിത്സ തേടി.
വർക്കല ഡിവൈഎസ്പി രമേശ് കുമാറിന്റെ നിർദേശപ്രകാരം കല്ലമ്പലം സിഐ ദീപു, എസ്ഐ ഹരി, സിവിൽ പൊലീസ് ഓഫീസർ സമ്പത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.











