പിങ്ക് നിറമുള്ള നാവ്
സാധാരണയായി ഇളം അല്ലെങ്കിൽ കടും പിങ്ക് നിറമാണ് ആരോഗ്യകരമായ നാവിനുണ്ടാവുക. നാവിൻ്റെ ഉപരിതലത്തിൽ ചെറിയ തടിപ്പുകൾ (Papillae) കാണാം. ശരീരത്തിൽ ആവശ്യത്തിന് വെള്ളമുള്ളതിന്റെയും മികച്ച രക്തചംക്രമണത്തിന്റെയും നല്ല പോഷകാഹാരത്തിന്റെയും ലക്ഷണമാണിത്. രാവിലെ എഴുന്നേൽക്കുമ്പോൾ നാവിൽ കാണുന്ന നേരിയ വെളുത്ത പാടുകൾ സാധാരണമാണ്.
വെളുത്ത നിറമുള്ള നാവ്
നാവിൽ വെളുത്ത നിറം കാണപ്പെടുന്നതും വളരെ സാധാരണമാണ്. നിർജലീകരണം, വായ വരണ്ടിരിക്കുക, പുകവലി, വായയുടെ ശുചിത്വമില്ലായ്മ, പനി, അല്ലെങ്കിൽ ഫംഗസ് ബാധ എന്നിവ കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ ഉരച്ചുനോക്കിയിട്ടും പോകാത്ത കട്ടിയുള്ള വെളുത്ത പാടുകൾ നാവിലുണ്ടെങ്കിൽ അത് ഒരുപക്ഷേ കാൻസറിന് കാരണമാകുന്ന ‘ല്യൂക്കോപ്ലാക്കിയ’ എന്ന അവസ്ഥയാകാനും സാധ്യതയുണ്ട്. അതിനാൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണുക.
വിളറിയ നിറം
നാവിന് തീരെ നിറമില്ലാതിരിക്കുകയോ വിളറിയ നിറം കാണപ്പെടുകയോ ചെയ്താൽ അത് വിളർച്ചയുടെ, പ്രത്യേകിച്ച് അയേണിന്റെയോ വിറ്റാമിൻ ബി 12 ന്റെയോ കുറവ് കൊണ്ടാകാം. രക്തത്തിൽ ഹീമോഗ്ലോബിൻ്റെ അളവ് കുറയുമ്പോൾ കോശങ്ങളിലേക്കുള്ള ഓക്സിജൻ്റെ വിതരണം കുറയുകയും നാവിലും മോണയിലും വിളർച്ച കാണപ്പെടുകയും ചെയ്യും. ക്ഷീണം, തലകറക്കം, വായയുടെ കോണുകളിലെ വിള്ളലുകൾ എന്നിവയും ഇതിനൊപ്പം ഉണ്ടാകാം.
കടും ചുവപ്പ് നിറം
നാവ് കടും ചുവപ്പ് നിറത്തിലാകുന്നത് വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവയുടെ കുറവ് മൂലമാകാം. കൂടാതെ സ്കാർലറ്റ് ഫീവർ പോലുള്ള അണുബാധകളുടെയും ലക്ഷണമാണിത്. പോഷകങ്ങളുടെ കുറവ് നാവിനെ മിനുസമുള്ളതും തിളക്കമുള്ളതുമാക്കി മാറ്റാം. ഈ അവസ്ഥയിൽ നാവ് വീർക്കുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്തേക്കാം.
മഞ്ഞ/ഓറഞ്ച് നിറം
ബാക്ടീരിയകളുടെ വളർച്ച, പുകവലി, നിർജലീകരണം, വായ വരണ്ടിരിക്കുക തുടങ്ങിയവയാണ് ഈ നിറത്തിലുള്ള പാടുകൾ ഉണ്ടാകാൻ പ്രധാന കാരണം. ചില മരുന്നുകളും വിറ്റാമിൻ ഗുളികകളും കഴിക്കുന്നതും താൽക്കാലികമായി നിറം മാറ്റത്തിന് കാരണമാകാം. സാധാരണയായി ഇത് അപകടകരമല്ലെങ്കിലും ഫംഗസ് ബാധയോ ദഹനപ്രശ്നങ്ങളോ ഇതിന് പിന്നിലുണ്ടാകാം. വെള്ളം കുടിക്കുന്നതും നാവ് വൃത്തിയാക്കുന്നതും ഈ പ്രശ്നം മാറ്റാൻ സഹായിക്കും.
നീല/പർപ്പിൾ നിറം
നാവിൻ്റെ നിറം നീലയോ പർപ്പിളോ ആകുന്നത് രക്തത്തിൽ ഓക്സിജൻ്റെ അളവ് കുറയുന്നതിൻ്റെ ലക്ഷണമാണ്. കടുത്ത ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗങ്ങൾ, രക്തചംക്രമണ പ്രശ്നങ്ങൾ എന്നിവയുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ‘സയനോസിസ്’ എന്നറിയപ്പെടുന്ന ഈ അവസ്ഥ കണ്ടാൽ ഉടനടി വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.











