കൊച്ചി: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ 14 എസ്എഫ്ഐ പ്രവർത്തകർക്ക് തിരിച്ചടി. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.
ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. സർട്ടിഫിക്കറ്റ് വിതരണം വൈകുന്നതുൾപ്പെടെ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ സർവകലാശാലയിൽ സമരം നടത്തിയത്.
സമരത്തിനിടെ വിദ്യാർഥികൾ തന്നെ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് സർവകലാശാലയുടെ താത്കാലിക വൈസ് ചാൻസലർ സി.സി. തോമസ് നേരിട്ട് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡി.ജി.പിയെ നേരിട്ട് വിളിച്ചുവരുത്തിയ ഗവർണർ ശക്തമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് എസ്എഫ്ഐയുടെ തീരുമാനം.


