തൃശൂര്: പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡി.ആർ.ഡി.ഒയുടെ പേരിൽ സ്വന്തം ഫോട്ടോ പതിച്ച വ്യാജ ഐഡി കാർഡ് നിർമിച്ച് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയച്ച് തട്ടിപ്പിന് ശ്രമിച്ച കേസിൽ ചെന്നൈ സ്വദേശി അറസ്റ്റിൽ. ചെന്നൈ കോടമ്പാക്കം ഭാരതീശ്വരർ കോളനി സ്വദേശി ശങ്കർ (46) ആണ് തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്.
ഗുരുവായൂരിൽ ദർശനത്തിനായി ഭാര്യയും മകളും എത്തുന്നുണ്ടെന്നും അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് ഓഗസ്റ്റ് 25നാണ് പ്രതി തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് സന്ദേശമയച്ചത്. സന്ദേശത്തോടൊപ്പം ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥനാണെന്ന് സൂചിപ്പിക്കുന്ന വ്യാജ തിരിച്ചറിയൽ കാർഡും അയച്ചിരുന്നു.
സംശയം തോന്നിയതിനെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്. ഇമെയിൽ പരിശോധിക്കുന്നതിനായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സലീഷ് എൻ.എസ്.നെ ചുമതലപ്പെടുത്തി. പരിശോധനയിൽ ഇമെയിലിലെ ഉള്ളടക്കങ്ങളും തിരിച്ചറിയൽ രേഖകളും വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് ഡി.വൈ.എസ്.പി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ശാസ്ത്രീയ അന്വേഷണവും രേഖകളുടെ പരിശോധനയും നടത്തിയതിൽ പ്രതി പൊതുസേവകനായി ആൾമാറാട്ടം നടത്തിയതായും ഡി.ആർ.ഡി.ഒയുടെ പേര് ദുരുപയോഗം ചെയ്ത് വ്യാജരേഖ നിർമിച്ച് ഇലക്ട്രോണിക് മാധ്യമത്തിലൂടെ അയച്ചതായും കണ്ടെത്തി.
തുടർന്നാണ് ചെന്നൈയിൽനിന്ന് ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കും.
തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബൈജു കെ.സി., എസ്.ഐ ആൽബി തോമസ് വർഗീസ്, ജി.എ.എസ്.ഐ മനോജ്, സി.പി.ഒമാരായ അജിത്ത്, സുദീപ്, ഡ്രൈവർ സി.പി.ഒ അനന്തുമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.














