ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതന് സമീപം കെട്ടിടം തകർന്നുവീണ് വൻ അപകടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ ഉടൻ ഡൽഹി ഫയർ സർവീസും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതുവരെ അഞ്ച് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്.
ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള സത്യനികേതനിലെ വിദ്യാർഥികൾ താമസിക്കുന്ന പേയിംഗ് ഗസ്റ്റ് (പി.ജി) കെട്ടിടമാണ് തകർന്നുവീണത്. ഞായറാഴ്ചയായതിനാൽ നിരവധി വിദ്യാർഥികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നതായാണ് വിവരം. അപകടസമയത്ത് അൻപതോളം വിദ്യാർഥികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസിയായ ദൃക്‌സാക്ഷി പറഞ്ഞു. നിലവിൽ 12ഓളം ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. കോൺക്രീറ്റ് സ്ലാബുകളും കെട്ടിടാവശിഷ്ടങ്ങളും നീക്കം ചെയ്താണ് രക്ഷാപ്രവർത്തനം നടത്തുന്നത്.




