കോഴിക്കോട്: വടകരയിൽ ടാങ്കറിൽ നിന്ന് വനസ്പതി റോഡിൽ പരന്നതിനെ തുടർന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു. ദേശീയപാതയിൽ ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ ഏകദേശം 50 മീറ്ററോളം ദൂരത്തിലാണ് വനസ്പതി പരന്നത്. റോഡ് അപകടകരമായതോടെ നാട്ടുകാർ വടകര ഫയർഫോഴ്സിനെ വിവരം അറിയിച്ചു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ. ദീപക്കിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. വെള്ളം ഉപയോഗിച്ച് റോഡ് വൃത്തിയാക്കിയാൽ കൂടുതൽ അപകടസാധ്യതയുണ്ടാകുമെന്ന് മനസ്സിലായതോടെ ദേശീയപാത നിർമാണ കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് എം-സാൻഡ് എത്തിച്ചു.
റോഡിൽ മണൽ വിതറാൻ ജെസിബി ഡ്രൈവർ ലഭ്യമല്ലെന്ന് കമ്പനി അധികൃതർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തന്നെ മൺവെട്ടിയും ഷവലും ഉപയോഗിച്ച് റോഡിൽ പരന്ന വനസ്പതിയുടെ കാഠിന്യം കുറച്ചു. ഏകദേശം ഒരു മണിക്കൂറോളം ശ്രമിച്ചാണ് റോഡ് വൃത്തിയാക്കിയത്.
എന്നാൽ റോഡിലൂടെയുള്ള ഗതാഗതം സുരക്ഷിതമല്ലെന്ന് ഫയർഫോഴ്സ് ഹൈവേ പൊലീസിനെ അറിയിച്ചു. തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം വഴിതിരിച്ചുവിട്ടു. ടാങ്കറിൽ വനസ്പതി അലക്ഷ്യമായി കൊണ്ടുപോയതാണ് ചോർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് സംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് വലിയ അപകടം ഒഴിവായത്.













