ഗുവാഹത്തി: അസമിൽ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച ഭർത്താവ് പൊലീസിൽ കീഴടങ്ങി. ഗുവാഹത്തിയിലെ ബസിഷ്ഠപുരിലാണ് സംഭവം. 25കാരിയായ റിയ താലൂക്ക്ദാർ ഗോസ്വാമിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാമാനുജൻ ഗോസ്വാമിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഹതിഗാവ് പൊലീസിന് മുന്നിൽ കീഴടങ്ങിയ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് റിയയുടെ മൃതദേഹം അപ്പാർട്ട്മെന്റിൽ നിന്ന് കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസികൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകം നടന്നത് മൃതദേഹം കണ്ടെത്തുന്നതിന് 48 മണിക്കൂറിനുള്ളിലാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ തല വെട്ടിമാറ്റി പോളിത്തീൻ ബാഗിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിലായിരുന്നു. വിരലുകളും വെട്ടിമാറ്റിയതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധവും മദ്യക്കുപ്പികളും ഫ്ലാറ്റിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.














