ഇഷ്ടമുള്ളൊരു സമ്മാനം ലഭിക്കുമ്പോള്‍ സന്തോഷം സ്വാഭാവികമാണ്. എന്നാല്‍ സമ്മാനമായി ലഭിക്കുന്നത് കോടികള്‍ വിലമതിക്കുന്ന അപൂര്‍വ പക്ഷിയാണെങ്കിലോ? അബുദാബിയില്‍ നടന്ന പരുന്തുകളുടെ ലേലത്തിനിടെ പുറത്തുവന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ആ പരുന്തിന്റെ പ്രത്യേകത എന്താണെന്നല്ലേ, പറയാം…
ഒരു അപൂര്‍വ ഇനം പരുന്തിന് എത്ര വരെ വില പോകും എന്ന് നിങ്ങൾക്ക് ഊഹിക്കാമോ? ഈ വര്‍ഷത്തെ അബുദാബി ഇന്റര്‍നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്സിബിഷനില്‍ വില്‍പ്പനയ്ക്കെത്തിയ ഈ പരുന്ത് വിറ്റുപോയത് 2.1 മില്യണ്‍ ദിര്‍ഹത്തിനാണ്. അതായത് ഏകദേശം 3.85 കോടി രൂപ! ഏതാണ് ഇത്ര ഡിമാൻഡുള്ള പരുന്ത് എന്നായിരിക്കും അടുത്ത ചിന്ത.
അരാരെ വൈറ്റ് ഫാല്‍ക്കണ്‍ എന്ന ഇനത്തില്‍പ്പെട്ട പരുന്തിനാണ് കോടികള്‍ വില ലഭിച്ചത്. ഗൈര്‍ പ്യുവര്‍ അള്‍ട്രാ വൈറ്റ് എന്നാണ് ഇവ അറിയപ്പെടുന്നത്. ഒരു ലേലത്തില്‍ ലഭിക്കുന്ന റെക്കോര്‍ഡ് തുകയാണിത്. 2021 ല്‍ റിയാദില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫാല്‍ക്കണ്‍ ബ്രീഡേഴ്സ് ലേലത്തില്‍ 467,000 ഡോളറിനാണ് പ്യുവര്‍ മോട്ടല്ഡ് ജൈര്ഫാല്ക്കണ് വിറ്റുപോയത്. ഈ റെക്കോര്‍ഡാണ് പഴങ്കഥയായത്.
അമേരിക്കയിലെ മാര്‍ക്ക് മോഗ്ലിച്ച് ഫാല്‍ക്കണ്‍ ഫാമിലാണ് ഈ പരുന്ത് വളര്‍ന്നത്, പരുന്തിന്റെ പൂര്‍ണ്ണമായും വെളുത്ത തൂവലുകളില്‍ ലേലത്തിന് എത്തിയവര്‍ കൂടുതല്‍ ആകൃഷ്ടരാകുകയായിരുന്നു.എന്നാല്‍ കോടികള്‍ വില ലഭിലച്ചെങ്കിലും പരുന്തിന്റെ ഭാരം വെറും 1 കിലോ മാത്രമാണ്. ഇതിന് 16.5 ഇഞ്ച് നീളവും വീതിയും ഉണ്ട്. പരുന്തിന്റെ നിറം, പ്രജനനം, ശാരീരിക സവിശേഷതകള്‍ എന്നിവ ലേലത്തിനെത്തിയവരുടെ മനം കവര്‍ന്നു. വാശിയേറിയ ലേലം ഒടുവില്‍ 1.5 ദശലക്ഷം ദിര്‍ഹത്തിലെത്തി.
ഇനി അറിയേണ്ടത്, ആരാണ് ഇത്രയും പണം കൊടുത്ത് പരുന്തിനെ വാങ്ങിയത് എന്നല്ലേ… ആ അമ്പരപ്പിക്കുന്ന കഥയിലേക്ക് വരാം. ലേല വേദിയിൽ മറ്റുള്ളവരെല്ലാം ആണുങ്ങൾ. അതിനിടെയിൽ അവൾ തന്റെ അമ്മാവനൊപ്പം ഇരുന്നു. ഷൈഖ അൽ മൻസൂരി എന്ന യുവ ഫാൽക്കൺ പ്രേമിയാണ് അമ്മാവനൊപ്പം ലേല വേദിയിലെത്തിയത്. ഫാൽക്കണുകളെയും പക്ഷികളെയും കുറിച്ച് പഠിപ്പിച്ചത് ആരാണെന്ന ചോദ്യത്തിന് “എന്റെ അമ്മാവൻ” എന്നാണ് അവൾ പറഞ്ഞ മറുപടി. ഇതിന് പിന്നാലെയാണ് അമ്മാവന് അവളുടെ ആഗ്രഹം നിറവേറ്റാന്‍ 3.85 കോടി രൂപയുടെ അപൂര്‍വ വെള്ള പരുന്തിനെ വാങ്ങിയത്. എന്നാൽ, ലേലത്തിൽ അമ്മാവൻ തന്നെയാണ് പക്ഷിയെ വാങ്ങിയതെന്ന് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങളൊന്നുമില്ലെന്നും ഇത് സംബന്ധിച്ച് സമൂഹ മാധ്യമ സ്ഥിരീകരണം മാത്രമാണുള്ളതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ കൂട്ടിച്ചേർക്കുന്നുണ്ട്. മകളുടെ ആഗ്രഹം ഒരു പിതാവ് നിറവേറ്റി എന്ന രീതിയിലായിരുന്നു ആദ്യം ഈ വീഡിയോ പ്രചരിച്ചത്. പിന്നാലെയാണ് അത് അമ്മാവൻ ആണെന്ന് കുട്ടി പറയുന്നതടക്കമുള്ള വീഡിയോയും വൈറലായത്.
ADIHEXന്റെ 2026 ലേലത്തിന് മുമ്പും ശേഷവും നടന്ന എട്ട് തത്സമയ ലേലങ്ങളും ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന ഒരു ഓണ്‍ലൈന്‍ ലേലവും ഉണ്ടായിരുന്നു. 55 പ്രമുഖ പ്രാദേശിക, അന്തര്‍ദേശീയ ഫാല്‍ക്കണ്‍ ബ്രീഡിങ്, കെയര്‍ ഫാമുകളും ലേലത്തിന്റെ ഭാഗമായിരുന്നു.ഈ വര്‍ഷം 71 രാജ്യങ്ങളില്‍ നിന്നുള്ള 2,400-ലധികം പ്രദര്‍ശകരാണ് ലേലത്തില്‍ പങ്കെടുത്തത്. അബുദാബിയിലെ അഡ്നെക് സെന്ററില്‍ നടന്ന പ്രദര്‍ശനം, എമിറേറ്റ്സ് ഫാല്‍ക്കണേഴ്സ് ക്ലബ്ബിന്റെ പങ്കാളിത്തത്തോടെ അഡ്നെക് ഗ്രൂപ്പാണ് സംഘടിപ്പിച്ചത്.
പൂർണ്ണമായും തൂവെള്ള നിറത്തിലുള്ള തൂവലുകളും, ആകർഷകമായ ശരീരഘടനയുമാണ് ഈ പരുന്തിനെ ഇത്രയും മൂല്യമേറിയതാക്കുന്നത്. ചില്ലറക്കാരല്ല പൊതുവെ ഫാൽക്കണുകൾ. അത് വിലയുടെ കാര്യത്തിൽ മാത്രമല്ല, ഫാൽക്കൺ കുടുംബത്തിലെ ‘പെരെഗ്രിൻ ഫാൽക്കൺ’ ആണ് ഭൂമിയിലെ ഏറ്റവും വേഗതയേറിയ ജീവി. ഇരപിടിക്കാനായി മുകളിൽ നിന്ന് താഴേക്ക് കുതിക്കുമ്പോൾ ഇതിന് മണിക്കൂറിൽ 320 കിലോമീറ്ററിലധികം (320 km/h) വേഗത കൈവരിക്കാൻ കഴിയുമത്രേ. മനുഷ്യരേക്കാൾ എട്ട് മങ്ങ് കൂടുതൽ മികച്ച കാഴ്ചശക്തി ഫാൽക്കണുകൾക്കുണ്ട്. ഇത്രയുമെല്ലാം കേട്ടുകഴിയുമ്പോൾ ഒരു ഫാൽക്കണെ സ്വന്തമാക്കാൻ നിങ്ങൾക്കും ആഗ്രഹം വരുന്നുണ്ടോ?
A rare white gyrfalcon was bought for $500K at an auction in Abu Dhabi. pic.twitter.com/TUDMQqw9D9
— распад и неуважение (@VictorKvert2008) September 4, 2026


