തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിനിടെ തനിക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്റെ നീക്കം പാളി. ചട്ടവിരുദ്ധമായതിനാൽ അപേക്ഷ സ്വീകരിക്കാൻ കഴിയില്ലെന്ന് നിയമസഭാ സെക്രട്ടറി അറിയിക്കുകയും കത്ത് മടക്കി നൽകുകയും ചെയ്തു. വിവാദ സമയത്ത് പാളയം പ്രദീപ് തന്റെ സ്റ്റാഫ് ആണെന്ന രമ്യ ഹരിദാസിന്റെ വാദം ഇതോടെ പൂർണമായും പൊളിഞ്ഞിരിക്കുകയാണ്.
KPCC അംഗം പാളയം പ്രദീപിനെയും ബ്ലോക്ക് ജനറൽ സെക്രട്ടറി സജാദിനെയും പാർട്ടിയിൽനിന്ന് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടി നടപടി സ്വീകരിച്ച ഒരാളെയാണിപ്പോൾ രമ്യ തന്റെ സ്റ്റാഫിൽ നിയമിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.
സെപ്റ്റംബർ അഞ്ചാം തീയതി നടന്ന വിവാദ സംഭവങ്ങളിൽ ഒപ്പമുണ്ടായിരുന്ന പാളയം പ്രദീപ് തന്റെ സ്റ്റാഫ് ആണെന്നായിരുന്നു രമ്യ ഹരിദാസ് ന്യായീകരിച്ചിരുന്നത്. ഈ വാദം സാങ്കേതികമായി ശരിവെക്കാൻ വേണ്ടിയാണ് മുൻകാല പ്രാബല്യത്തോടെ നിയമനം നൽകാൻ നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത്. സെപ്റ്റംബർ നാലിന്റെ തീയതി വെച്ചാണ് ഈ കത്ത് ഇന്ന് കൈമാറിയത്. പാളയം പ്രദീപിനൊപ്പം കോഴിക്കോട് സ്വദേശി കുഞ്ഞഹമ്മദ് എന്നിവരെയും മുൻകാല പ്രാബല്യത്തോടെ സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ പഴയ തീയതി വെച്ചുകൊണ്ടുള്ള നടപടികളിലേക്ക് കടക്കാൻ കഴിയില്ലെന്ന കർശന നിലപാടാണ് നിയമസഭാ സെക്രട്ടറിയേറ്റ് സ്വീകരിച്ചത്.


