കൊച്ചി: തൃക്കാക്കരയിൽ കോളേജ് വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ ഒരു വിദ്യാർഥി കൂടി പോലീസ് കസ്റ്റഡിയിൽ. ചെങ്ങന്നൂർ സ്വദേശിയും മറ്റൊരു കോളേജിലെ വിദ്യാർഥിയുമായ സനീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
കേസിൽ നേരത്തെ തിരുവനന്തപുരം സ്വദേശിയും തൃക്കാക്കര ഭാരതമാതാ കോളേജിലെ രണ്ടാംവർഷ വിദ്യാർഥിയുമായ ശ്രീഹരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ ശ്രീഹരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സനീഷിനെ കസ്റ്റഡിയിലെടുത്തത്. ശ്രീഹരിയുടെ മൊഴി കേന്ദ്രീകരിച്ച് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
ശ്രീഹരിയെ ചോദ്യം ചെയ്തതിൽനിന്നാണ് അശ്ലീല വീഡിയോകൾ നിർമിക്കുന്ന സംഘത്തെക്കുറിച്ച് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. മറ്റ് ചില കോളേജുകളിലെ വിദ്യാർഥികളുടെ ഗ്രൂപ്പുകൾക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും പോലീസ് അറിയിച്ചു.
കോളേജിലെ വിവിധ പരിപാടികളുടെ ഔദ്യോഗിക ചിത്രീകരണ ചുമതല വഹിച്ചിരുന്ന വിദ്യാർഥിയായിരുന്നു ശ്രീഹരി. പരിപാടികൾക്കിടെ പകർത്തിയ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരായ പരാതി. കേസ് പുറത്തറിഞ്ഞതിന് പിന്നാലെ കുറ്റകൃത്യത്തിന് ഉപയോഗിച്ചിരുന്ന ടെലഗ്രാം ഗ്രൂപ്പുകൾ പൂർണമായി ഡിലീറ്റ് ചെയ്ത നിലയിലാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ടെലഗ്രാമിൽനിന്ന് വിവരങ്ങൾ വീണ്ടെടുക്കുന്നത് പ്രയാസകരമാണെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് ശ്രീഹരി സംഘമായി പ്രവർത്തിച്ചിരുന്നതായി ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ഇയാളുടെ മാനസിക വൈകൃതമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറയുന്നു.
പുതുതായി കസ്റ്റഡിയിലെടുത്ത സനീഷിന്റേതുൾപ്പെടെ പ്രതികളുടെ പങ്ക്, ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലെ ലക്ഷ്യം, സംഘം എങ്ങനെയാണ് പ്രവർത്തിച്ചിരുന്നതെന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്. കേസിൽ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് സൂചന.














