പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതിയും കൊല്ലപ്പെട്ട യുവതിയും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നാണ് വിവരം.
അട്ടപ്പാടിയിലെത്തിയ പ്രതി പ്രോവത് ദാസും കൊല്ലപ്പെട്ട പ്രൊണിത രാജും ദമ്പതികളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തോട്ടത്തിൽ താമസിച്ചിരുന്നത്. എന്നാൽ പ്രൊണിത തന്റെ ഭാര്യയല്ലെന്നും കൊല്ലപ്പെട്ട നാല് വയസുകാരി തന്റെ കുഞ്ഞല്ലെന്നും പ്രതി പൊലീസിനോട് മൊഴി നൽകിയിരുന്നു.
പ്രൊണിത രാജ് (30)യും നാല് വയസുള്ള കുഞ്ഞുമാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മൃതദേഹഭാഗങ്ങൾ ചാക്കിലാക്കി പുഴയുടെ തീരത്ത് ഉപേക്ഷിക്കുകയായിരുന്നു. പ്രതിയും യുവതിയും പശ്ചിമ ബംഗാളിലെ അലിപുർദ്വാർ സ്വദേശികളാണെന്ന് പ്രോവത് ദാസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് പ്രതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


