തിരുവനന്തപുരം: ഒഡീഷയിൽനിന്ന് കഞ്ചാവുമായി തലസ്ഥാനത്ത് എത്തിയ നാലംഗ സംഘത്തിലെ ഒരാൾ 23 വർഷമായി ഒളിവിലായിരുന്ന കേസിലെ പ്രതിയെന്ന് പൊലീസ്. ബീമാപള്ളി സ്വദേശി നൗഷാദ് (40) ആണ് പഴയ കേസിൽ ഒളിവിലായിരുന്നത്. 2003ൽ സ്ഫോടകവസ്തു കൈവശം വച്ചതിന് കോവളം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ടായിരുന്നെന്ന് കോവളം സി.ഐ. വി.എം. ശ്രീകുമാർ പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് കോവളം പോറോട് പാലത്തിന് സമീപം 3.6 കിലോഗ്രാം കഞ്ചാവുമായാണ് നൗഷാദുൾപ്പെടെ നാലുപേരെ പൊലീസ് പിടികൂടിയത്. സിറ്റി ഡാൻസാഫ് സംഘം പിടികൂടിയ സംഘത്തെ തുടർനടപടികൾക്കായി വിഴിഞ്ഞം പൊലീസിന് കൈമാറിയ ശേഷം കോവളം പൊലീസിന് കൈമാറുന്നതിനിടെയാണ് നൗഷാദിനെതിരായ പഴയ കേസ് കണ്ടെത്തിയത്.
ബീമാപള്ളി പുതുവൽ പുരയിടം സ്വദേശികളായ സെയ്ദലി (33), ഓട്ടോ ഡ്രൈവർ സുൾഫിക്കർ (33), തിരുവല്ലത്ത് വാടകയ്ക്ക് താമസിക്കുന്ന ഷെഫീക് (51) എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. നൗഷാദ് നേരത്തെ കഞ്ചാവ് കേസിലും പ്രതിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഒഡീഷയിലെ മുനിഗുഡയിൽനിന്നാണ് സംഘം കഞ്ചാവ് വാങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അവിടെ ചെറിയ കഞ്ചാവ് പൊതിക്ക് 30 രൂപ മാത്രമാണ് വിലയെന്നും ഇവിടെ വൻതുകയ്ക്ക് ചില്ലറ വിൽപന നടത്തുന്നതിനായാണ് കഞ്ചാവ് എത്തിച്ചതെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞതായി പൊലീസ് അറിയിച്ചു.
2003ലെ സ്ഫോടകവസ്തു കേസിൽ നൗഷാദിനൊപ്പം പ്രതിയായ ബന്ധു ഷംനാദ് ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ നാലുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.



