ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. ഗ്രീക്കോ റോമൻ 67 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന ഗുസ്തി താരം ദീപക്കിന് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് വിലക്ക്.
മേയ് 31ന് നടന്ന ഏഷ്യൻ ഗെയിംസ് ട്രയൽസിനിടെ ശേഖരിച്ച ദീപക്കിന്റെ സാംപിൾ പരിശോധിച്ചപ്പോഴാണ് നിരോധിത ഉത്തേജക വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെയാണ് താരത്തെ മത്സരത്തിൽ നിന്ന് പുറത്താക്കിയത്.
ദീപക്കിന് പുറമെ രണ്ട് ഇന്ത്യൻ ഗുസ്തി താരങ്ങളും അടുത്തിടെ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. ഫ്രീസ്റ്റൈൽ 86 കിലോ വിഭാഗത്തിലെ മുകുൾ ദഹിയ, ഗ്രീക്കോ റോമൻ 130 കിലോ വിഭാഗത്തിലെ ദീപാൻഷു എന്നിവരാണ് പരിശോധനയിൽ പരാജയപ്പെട്ട മറ്റ് താരങ്ങൾ.
ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താരങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ (WFI) ആവശ്യപ്പെട്ടു. അനുമതിയില്ലാതെ ദേശീയ ക്യാമ്പിൽ നിന്ന് താരങ്ങൾ വിട്ടുനിൽക്കുന്നത് ഡോപ്പിംഗ് കേസുകൾ വർധിക്കാൻ കാരണമാകുന്നുണ്ടെന്നും ഫെഡറേഷൻ വ്യക്തമാക്കി.



