കൊച്ചി: മൈക്രോഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച തീരുമാനം അറിയിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകാത്തതിലാണ് കോടതിയുടെ വിമർശനം. നാളെ നേരിട്ട് ഹാജരാകാൻ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. രണ്ടാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.
കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ശശിധരൻ നേരത്തെ കോടതിയിൽ ഹാജരായിരുന്നു. എട്ട് കേസുകളിലെ അന്വേഷണം പൂർത്തിയാക്കി പ്രോസിക്യൂഷൻ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്ന് എസ്പി കോടതിയെ അറിയിച്ചു.
ചില കേസുകളിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥർ പ്രതികളായതിനാലാണ് പ്രോസിക്യൂഷൻ അനുമതി നൽകേണ്ട ചുമതല പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരിട്ട് ഹാജരായി പ്രോസിക്യൂഷൻ അനുമതി വൈകുന്നതിന്റെ കാരണം അറിയിക്കാൻ കോടതി നേരത്തെ നിർദേശം നൽകിയത്.
എന്നാൽ ഇന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാതിരുന്നതോടെയാണ് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയത്. നാളെ നേരിട്ട് ഹാജരായി വിഷയത്തിൽ വിശദീകരണം നൽകണമെന്നാണ് കോടതി നിർദേശം.


