ന്യൂഡൽഹി: ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക് സാധ്യത. ആഴ്ചയിൽ അഞ്ചു പ്രവൃത്തിദിനം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ബാങ്ക് അസോസിയേഷനുകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടതോടെയാണ് ബാങ്ക് ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങിയത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 28, 29, 30 തീയതികളിൽ രണ്ടാംഘട്ട പണിമുടക്ക് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനാണ് നീക്കം.
രാജ്യത്തെ ഏഴ് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് സമരത്തിന് നേതൃത്വം നൽകുന്നത്.
എല്ലാ ശനിയാഴ്ചകളും ഞായറാഴ്ചകളും ബാങ്ക് അവധിയാക്കണമെന്നാണ് പ്രധാന ആവശ്യം. വിരമിച്ച ബാങ്ക് ജീവനക്കാരുടെ പെൻഷൻ കാലാനുസൃതമായി പരിഷ്കരിക്കുക, പുതിയ പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
ബാങ്കുകളിലെ ഒഴിവുകൾ നികത്തുക, നിലവിലുള്ള ഒഴിവുകളിൽ സ്ഥിര നിയമനം നടത്തുക, ബാങ്കിംഗ് സേവനങ്ങൾ സുഗമമാക്കുന്നതിനായി ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുക എന്നിവയും സംഘടനകൾ ആവശ്യപ്പെടുന്നു.
നിശ്ചിത ജോലി സമയം ഉറപ്പാക്കണമെന്നും അമിതമായ ടാർഗറ്റുകൾ മൂലമുണ്ടാകുന്ന ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ബാങ്ക് യൂണിയനുകൾ ആവശ്യപ്പെട്ടു.


